രാജസ്ഥാനിലെ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പ്പെടുത്തി രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 ക്യാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുള്‍പ്പടെ അഞ്ച് പേരാണ് പൈലറ്റ് ക്യാമ്പില്‍ നിന്ന് മന്ത്രിമാരായത്. മൂന്ന് പേര്‍ക്ക് ക്യാബിനെറ്റ് പദവി ലഭിച്ചപ്പോള്‍ രണ്ട് പേര്‍ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമര്‍പ്പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള രഘുശര്‍മയുടെയും ഗോവിന്ദ് സിങ് ദോതാസരയുടെയും ഹരീഷ് ചൗധരിയുടെയും രാജി കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ക്ക് നല്‍കിയത്. അതിനാല്‍ ഇവരൊഴിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാവരും സ്ഥാനത്ത് തുടരും.

പുതിയ പതിനഞ്ച് പേര്‍ മന്ത്രിയായതോടെ രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും. പുതുതായി മന്ത്രിമാരാകുന്നവരില്‍ നാല് പേര്‍ എസ് സി വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നുമാണ്. ഇവരില്‍ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് ക്യാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.

Top