പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 12ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മൂന്ന് പുത്തന്‍ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നത്. ഗംഭീര ചടങ്ങാണ് കാലിഫോര്‍ണിയയില്‍ ഒരുക്കുന്നത്. ആപ്പിള്‍ പാര്‍ക് കോംപ്ലെക്‌സിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് പുതിയ ഫോണുകളുടെ പ്രകാശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മാധ്യമപ്രവര്‍ത്തകര്‍, സ്മാര്‍ട്ട്‌ഫോണ്‍ നിരൂപകര്‍, ആപ്പിള്‍ കമ്പനിയുടെ പങ്കാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആപ്പിള്‍ എക്‌സ് മോഡലിന്റെ പരിഷ്‌കരിച്ച ആപ്പിള്‍ 11 മോഡലുകളാവും പ്രകാശനം ചെയ്യാനിരിക്കുന്ന അടുത്ത രണ്ട് മോഡലുകളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമെ ലോകത്ത് ആപ്പിള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ കുറഞ്ഞ വിലയിലുളള ആപ്പിള്‍ 9 മോഡലുകളും പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. പരിഷ്‌കരിച്ച പതിപ്പുകളില്‍ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ബയോമെട്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നത്. ഇതുകൂടാതെ ആപ്പിള്‍ വാച്ച് സീരിസിലെ പുതിയ പതിപ്പും പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആപ്പിള്‍ മാക് ബുക്ക് എയര്‍, പരിഷ്‌കരിച്ച മാക് മിനി, ഐപാഡ് എന്നിവയും ആപ്പിള്‍ അവതരിപ്പിക്കും.