കൊച്ചി: രാജ്യത്ത് കൃത്യമായി സംഘടനാ സമ്മേളനം നടത്തി മാതൃകയായ സി.പി.എമ്മിന് പുതിയ ഭാരവാഹികളായി. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തുടരും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, പി.കെ ബിജു, എം.സ്വരാജ്, പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. 17 അംഗ സെക്രട്ടറിയേറ്റിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പി. രാജീവ്, കെ.എന്‍ ബാലഗോപാലും സെക്രട്ടറിയേറ്റില്‍ തുടരും.
കോടിയേരിയെ സെക്രട്ടറിയായി ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. 88 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന്2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. ആ കാലയളവില്‍ എ വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിച്ചത്.
കമ്മിറ്റിയില്‍ 16 പേരും പുതുമുഖങ്ങളാണ്. എം എം വര്‍ഗീസ്, എ വി റസ്സല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്. ഇതില്‍ വി.പി സാനു എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ്. എ.എ റഹീം ഡി.വൈ.എഫ്.ഐ അദ്ധ്യക്ഷനാണ്. ചിന്ത ജെറോം ആകട്ടെ, യുവജന കമ്മീഷന്‍ അംഗവുമാണ്. യുവ നേതാക്കള്‍ക്ക് സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വലിയ പ്രാധാന്യം നല്‍കിയ സി.പി.എം രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എം സ്ഥാപക നേതാവായ വി.എസ് സംസ്ഥാന കമ്മറ്റി ക്ഷണിതാവായി തുടരും.