New plea but no stay on Sri Sri Ravi Shankar’s World Culture Festival

ന്യൂഡല്‍ഹി: യമുനാ തീരത്ത് നടക്കാനിരിക്കുന്ന വിശ്വ സാംസ്‌കാരിക മേളയ്‌ക്കെതിരായ പ്രതിഷേധം രണ്ടാം ദിനവും പാര്‍ലമെന്റിനെ സ്തംഭിപ്പിച്ചു.

പരിപാടിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. അത് അടയ്ക്കില്ലെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നത്. ഇങ്ങനെ പറയുന്ന അദ്ദേഹത്തെ ജയിലിലയയ്ക്കണം. ശ്രീ ശ്രീ രവിശങ്കര്‍ നിയമത്തിന് അതീതനാണോയെന്നും ജെഡിയു നേതാവ് ശരദ് യാദവ് രാജ്യസഭയില്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന് ഇതില്‍ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പരിപാടി നടത്തുന്നതിന് തങ്ങള്‍ക്ക് അഗ്‌നിശമന സേനയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സംഘാടകര്‍ എന്‍ജിടിയെ അറിയിച്ചു. പിഴയായ അഞ്ചുകോടി അടയ്ക്കുന്നതിന് നാലാഴ്ച സമയം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ വിശ്വ സാംസ്‌കാരിക മേളയുടെ വേദി സുരക്ഷിതമല്ലെന്നാണ് ദേശീയ പൊതുമരാമത്ത്, വകുപ്പ് ഡല്‍ഹി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ട്. തീരം വേണ്ടരീതിയില്‍ നിരപ്പാക്കാതെയാണ് വേദി കെട്ടിയത്. യമുനാ മണല്‍പ്പരപ്പിന് വേദിയെ താങ്ങാനാകില്ല. വിശിഷ്ടാതിഥികള്‍ക്കായി പ്രത്യേക വേദി നിര്‍മിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

ഇന്നു വൈകുന്നേരത്തിനകം നഷ്ടപരിഹാരത്തുക അടയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വിശ്വ സാംസ്‌കാരിക മേളയുടെ സംഘാടകര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ് ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഡല്‍ഹി വികസന അതോറിറ്റിയുടെയും കേന്ദ്ര മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെയും അഭിഭാഷകരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരിസ്ഥിതി നാശത്തിനു നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ പിഴയടച്ചു പരിപാടി നടത്താന്‍ ബുധനാഴ്ചയാണ് എന്‍ജിടി ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കില്‍ നിയമം അതിന്റെ വഴിതേടുമെന്ന് എന്‍ജിടി അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ നിരീക്ഷിച്ചു.

Top