തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയക്കളി ; നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിച്ച് രജനി!

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയകളത്തിന് വഴിതെളിയുമ്പോള്‍ രജനീകാന്ത് പുതിയതായി രൂപീകരിക്കുന്ന പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടി നേതാക്കളെ ആകര്‍ഷിച്ച് സ്റ്റൈല്‍മന്നന്‍.

രജനീകാന്ത് ഈ വര്‍ഷം ജൂലൈയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് താരത്തിന്റെ സഹോദരന്‍ സത്യനാരായണ റാവു വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിക്ക് അന്തിമ രൂപം നല്‍കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്‍പിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികള്‍ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണിത്‌.

പുതിയ പാര്‍ട്ടിയിലേയ്ക്ക് കഴിവുള്ള നേതാക്കളെ മറ്റു പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിക്കാനുള്ള ശ്രമവും രജനീകാന്ത് നടത്തുന്നുണ്ട്. എഐഎഡിഎംകെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്‍, ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവര്‍ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

അതേസമയം, രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും സംസ്ഥാന ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Top