തൊടുപുഴ: ഇടുക്കിയിലെ പുതിയ പവര്‍ ഹൗസ് സംബന്ധിച്ച് ഈ മാസം 26ന് കെഎസ്ഇബി ഫുള്‍ ബോര്‍ഡ് ചര്‍ച്ച ചെയ്യും. 20,000 കോടിയിലധികം രൂപ ചെലവ് വരുന്നതാണ് പദ്ധതി. പദ്ധതി അംഗീകരിച്ചാല്‍ സാധ്യതാ പഠനത്തിന് ആഗോള ടെന്‍ഡര്‍ വിളിക്കും.
അതേസമയം ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് സ്ഥാപിച്ചു കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ചു വൈദ്യുതി ബോര്‍ഡ് സാധ്യതാപഠനം നടത്തുമെന്നും മുന്‍പും ഇതു സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും ഡാം നിറഞ്ഞ സാഹചര്യത്തില്‍ വീണ്ടും പരിഗണിക്കുകയാണെന്നു ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള അറിയിച്ചിരുന്നു.
മൂലമറ്റത്തു വൈദ്യുതി ഉല്‍പാദിപ്പിച്ചു പുറത്തേക്കുവിടുന്ന വെള്ളം സൗരോര്‍ജം ഉപയോഗിച്ചു പമ്പ് ചെയ്തു വീണ്ടും ഡാമിലെത്തിക്കാനാണ് ആലോചന. പുതിയ പവര്‍ ഹൗസ് എവിടെ സ്ഥാപിക്കണമെന്നും എത്ര മെഗാവാട്ടിന്റെ ജനറേറ്ററുകള്‍ സ്ഥാപിക്കണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു പഠിക്കുക.