ലണ്ടന്‍: വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് വീണ്ടും റെക്കാഡ്. തുടര്‍ച്ചയായി ആറാമത്തെ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മന്ദാന സൂപ്പര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കാഡാണ് സ്വന്തമാക്കിയത്.
2016ല്‍ സ്റ്റീവയ്ന്‍ ടെയ്‌ലര്‍ നേടിയ 289 റണ്‍സെന്ന റെക്കാഡാണ് മന്ദാന മറികടന്നത്. വാര്‍ഷിക ട്വിന്റി-20 ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മന്ദാന.
മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ വെസ്റ്റേണ്‍ സ്റ്റോം, യോര്‍ക്ക് ഷെയര്‍ ഡയമണ്ടിനെ നാല് പന്ത് ബാക്കി നില്‍ക്കെ തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത് ഡയമണ്ട്സ് ബെത് മൂണിയുടെ 69 റണ്‍സിന്റെയും വിന്‍ഫീല്‍ഡിന്റെ 48 റണ്‍സിന്റെയും പിന്‍ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണെടുത്തത്.
എന്നാല്‍ 36 പന്തില്‍ 56 റണ്‍സെടുത്ത മന്ദാനയുടെ തകര്‍പ്പന്‍ സ്‌കോറിന്റെ പിന്‍ബലത്തില്‍ വെസ്റ്റേണ്‍ സ്റ്റോം നാല് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
നേരത്തെ, വനിതാ ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിക്കു പിന്നാലെ സൂപ്പര്‍ സെഞ്ച്വറിയുമായി സ്മൃതി മന്ദാന കയ്യടിനേടിയിരുന്നു.
ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ കെഐഎ സൂപ്പര്‍ ലീഗില്‍ 61 പന്തില്‍ 102 റണ്‍സാണ് മന്ദാന സ്വന്തമാക്കിയത്. 12 ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടുന്നതായിരുന്നു മന്ദാനയുടെ ഇന്നിംഗ്സ്.