ആപ്പിൾ അവരുടെ മിഡ്റേഞ്ച് മോഡലായ ഐഫോൺ എസ്.ഇയുടെ നാലാം തലമുറ ലോഞ്ച് ചെയ്യില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ടെക് ലോകത്തെ വിശ്വസ്തനായ ആപ്പിൾ അനലിസ്റ്റ് മിങ്-ചി കുവോ റിപ്പോർട്ടുകൾ ശരിവെച്ചതോടെ ഐഫോൺ പ്രേമികൾ നിരാശരായി. മുൻ മോഡലുകളെ അപേക്ഷിച്ച് വമ്പൻ മാറ്റങ്ങളായിരുന്നു പുതിയ ഐഫോൺ എസ്.ഇയിൽ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ഐഫോൺ എസ്.ഇ 4 ആപ്പിൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിങ്-ചി കുവോ തന്നെയാണ് പുതിയ ശുഭസൂചനകളുമായി എത്തിയിരിക്കുന്നത്. ആപ്പിൾ പുതിയ ഐഫോൺ എസ്.ഇ 4 ‘റീസ്റ്റാർട്ട്’ ചെയ്തെന്നാണ് കുവോ ട്വീറ്റ് ചെയ്തത്.
ക്വാൽകോം മോഡംസ് മാറ്റി കസ്റ്റം 5ജി ബേസ്‌ബാൻഡ് ചിപ്പുമായിട്ടാകും ഐഫോൺ എസ്.ഇ 4 എത്തുകയെന്നും കുവോ പറയുന്നു. ഇതിലൂടെ ക്വാൽകോമിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഐഫോൺ എസ്.ഇ 4 നിർമ്മിക്കുന്നത് നിർത്താൻ ആപ്പിൾ നേരത്തെ തീരുമാനിച്ചതിന് പിന്നിലും ഇതേ കാരണം തന്നെയാണെന്നാണ് റിപ്പോർട്ട്.
(1/10)
[Update] Apple has restarted the iPhone SE 4 and will adopt an in-house 5G baseband chip. The significant decline in Qualcomm’s Apple orders in the foreseeable future is a foregone conclusion. https://t.co/0MeZDFnbzg— 郭明錤 (Ming-Chi Kuo) (@mingchikuo) February 27, 2023
ആപ്പിളിന്റെ പുതിയ 5G ബേസ്‌ബാൻഡ് ചിപ്പ് 4 നാനോമീറ്റർ പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും സബ്-6GHz ബാൻഡുകളെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 2024 ന്റെ ആദ്യ പകുതിയിലെ ഐഫോൺ എസ്.ഇ 4-ന്റെ വിൽപ്പനയെ അടിസ്ഥാനമാക്കിയാകും, ആപ്പിൾ വാച്ചിലും ഐപാഡുകളിലും ക്വാൽകോം ചിപ്പുകൾ ആപ്പിൾ ഒഴിവാക്കുക.
നിലവിൽ ഐഫോൺ എസ്.ഇ മോഡലുകൾ 4.7 ഇഞ്ച് വലിപ്പമുള്ള ചെറിയ ഡിസ്‍പ്ലേയുമായാണ് വരുന്നത്. ഡിസൈനും പഴയ ഐഫോൺ 8 സീരീസിന് സമാനമാണ്. എന്നാൽ പുതിയ ഐഫോൺ എസ്.ഇ നാലാമൻ 6.1 ഇഞ്ച് വലിപ്പമുള്ള ഒ.എൽ.ഇ.ഡി ഡിസ്‍പ്ലേയും പുതിയ ഡിസൈനും സ്വീകരിച്ചാകും എത്തുക. ഐഫോൺ 14 എന്ന മോഡലിന് സമാനമാകും ഡിസൈൻ എന്നും പറയപ്പെടുന്നു.
വില കൂടിയ മോഡലുകളെ അപേക്ഷിച്ച് ഒറ്റ ക്യാമറയുമായിട്ടാകും ഫോൺ എത്തുക. അൾട്രാ വൈഡ് ലെൻസ് എസ്.ഇ 4-ൽ പ്രതീക്ഷിക്കേണ്ടതില്ല. അതുപോലെ വലിയ ബാറ്ററിയും ഉൾപ്പെടുത്തിയേക്കും. പെട്ടന്ന് ബാറ്ററി തീരുന്ന ഐഫോൺ എന്ന ചീത്തപ്പേര് പുതിയ എസ്.ഇക്ക് കേൾക്കേണ്ടിവരില്ല. എന്തായാലും ഈ റിപ്പോർട്ടുകൾ സത്യമാണോ എന്നറിയാൻ അടുത്ത വർഷം പകുതി വരെ കാത്തിരിക്കേണ്ടി വരും.