മുംബൈ: നീണ്ട ഇടവേളയ്ക്കുശേഷം ഒരു രൂപയുടെ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്
നോട്ട് അസാധുവാക്കലിനുശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ഇറക്കിയതിന് പിന്നാലെയാണ് ഒരു രൂപ നോട്ടുകളും ആര്‍.ബി.ഐ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
ഒരു രൂപ നോട്ടുകളുടെ അച്ചടി 20 വര്‍ഷം മുമ്പ് നിര്‍ത്തിയിരുന്നു. പുതിയ രൂപത്തില്‍ ഒരുരൂപ നോട്ട് വീണ്ടും ഇറക്കാനാണ് നീക്കം. പുതിയ ഒരു രൂപ നോട്ടിനൊപ്പം നിലവിലുള്ള നാണയവും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
പിങ്ക്, പച്ച നിറങ്ങളാവും പുതിയ നോട്ടിന് ഉണ്ടാവുക. ഒരുരൂപ നാണയത്തിന്റെ ചിത്രവും നോട്ടിലുണ്ടാകും.
ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പാണ് നോട്ടിലുണ്ടാകുക. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ അസാധുവാക്കിയ ശേഷമായിരുന്നു ഇത്. കള്ളപ്പണവും കള്ളനോട്ടും തടയുന്നത് ലക്ഷ്യമിട്ടായിരുന്നു കേന്ദ്രത്തിന്റെ നോട്ട് അസാധുവാക്കല്‍ നടപടി.