അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മാണ പ്രവൃത്തികളും സേന വിന്യാസവും; ഉപഗ്രഹ ചിത്രം പുറത്ത്

ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈന വന്‍ നിര്‍മാണ പ്രവൃത്തികളും സൈനിക വിന്യാസവും നടത്തിയത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രം പുറത്ത്.

ഗല്‍വാന്‍ നദീ താഴ്‌വരയില്‍ യഥാര്‍ഥ നിയന്ത്രണരേഖക്ക് സമീപം ചൈന തയാറാക്കിയ സൈനിക ടെന്റുകളടക്കമുള്ള സന്നാഹങ്ങളാണ് ഹൈറെസല്യൂഷനിലെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണിക്കുന്നത്.

ജൂണ്‍ 15ന് ചൈനീസ് സൈനികരുടെ ആക്രമണം നടന്ന പെട്രോള്‍ പോയിന്റ് 14ന് സമീപത്തെ ഉപഗ്രഹ ചിത്രമാണിത്. നേരത്തെ മേയ് 22നുള്ള സാറ്റലൈറ്റ് ചിത്രത്തില്‍ പ്രദേശത്ത് ഒരു ചൈനീസ് ടെന്റ് മാത്രമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം, വിദേശകാര്യ മന്ത്രാലയത്തിലെ പൂര്‍വേഷ്യ വിഭാഗം ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശകാര്യ ഡയറക്ടറും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കിഴക്കന്‍ ലഡാക്കില്‍നിന്ന് സൈന്യങ്ങളെ പിന്‍വലിക്കാനുള്ള ധാരണ അതിവേഗം നടപ്പാക്കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്.

Top