വാട്ട്സ്ആപ്പിൽ പുതിയ മുന്നറിയിപ്പ്; യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട തട്ടിപ്പ്

പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളായി നടിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. നിരവധി പേർക്കാണ് കോളുകളും സന്ദേശങ്ങളും വന്നിട്ടുള്ളതെന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍ പറയുന്നു.

ഐഎഎൻഎസിന്റെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിലുള്ള വ്യാജ അന്താരാഷ്ട്ര കോളുകളിൽ ഭൂരിപക്ഷവും ലഭിച്ചത്. ‘ഇത് കാണുമ്പോൾ എനിക്ക് മറുപടി നൽകുക. നന്ദി’ എന്നീ സന്ദേശങ്ങളും തട്ടിപ്പിന് ഇരയായവരുടെ ഫോണിലെത്തി. ജോർജിയയിലെ അറ്റ്‌ലാൻറ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) എന്നിങ്ങനെ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ഭൂരിപക്ഷം പേർക്കും ലഭിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലെ അനാവശ്യ കോളുകൾ കാരണം ഇന്ത്യയിലെ നിരവധി പേർ ആശയക്കുഴപ്പത്തിലായിരുന്നു. ഈ കോളുകൾ വഴി ആളുകളുടെ പണം നഷ്‌ടപ്പെടുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുകയോ ചെയ്യുമെന്ന ആശങ്കയും ഉയർന്നിരുന്നു.

ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നാണ് പലർക്കും ഈ കോളുകൾ അന്ന് ലഭിച്ചത്. ഇന്ത്യയിൽ ഏകദേശം 500 ദശലക്ഷം ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതിൽ പലരും ദിനം പ്രതി പല സൈബർ തട്ടിപ്പുകൾക്കും ഇരയാകുന്നുണ്ട്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന് തോന്നിക്കുന്ന കോളുകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചിരുന്നത്.

+251 (എത്യോപ്യ), +62 (ഇന്തോനേഷ്യ), +254 (കെനിയ), +84 (വിയറ്റ്നാം) തുടങ്ങിയ ടെലിഫോൺ കോഡുകളിൽ ആരംഭിക്കുന്നവയായിരുന്നു.ടു ഫാക്ടർ ഓതൻറിഫിക്കേഷൻ (2FA) ഓണാക്കുക, ലിങ്കുകൾ ഓപ്പൺ ആക്കുന്നതിൽ ജാഗ്രത പാലിക്കുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കേണ്ടത്.

Top