ഒമാനിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നുമുതല്‍

റിയാദ്: ഒമാനിലെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ക്ലാസുകള്‍ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്‌കൂളുകളില്‍ സ്വീകരിക്കേണ്ടത്. ഇതനുസരിച്ച് ചില ക്ലാസുകള്‍ക്ക് മാത്രം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോയാല്‍ മതിയാകും.

ബാക്കി ക്ലാസുകള്‍ക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കും. അധ്യാപകര്‍, അനുബന്ധ ജോലിക്കാര്‍ എന്നിവര്‍ സെപ്റ്റംബര്‍ 27 ഞായറാഴ്ച മുതല്‍ ജോലിക്ക് എത്തണം. അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയരുതെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്‌കൂളുകളിലും സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം ക്ലാസുകള്‍ തുടങ്ങുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ സ്‌കൂള്‍കളുടെ അധ്യയന വര്‍ഷം ഏപ്രില്‍ ആദ്യ ആഴ്ചയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

Top