ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ്; 38 പേര്‍ക്ക് സ്ഥിരീകരിച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി: ഇതുവരെ രാജ്യത്ത് 38 പേരില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. യു.കെയില്‍ നിന്നുള്ള വിമാന സര്‍വീസ് ജനുവരി ആറു മുതല്‍ ക്രമാനുഗതമായി പുനഃരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജനുവരി ആറിന് ആരംഭിക്കും. എന്നാല്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ളവ ജനുവരി എട്ടിനേ ആരംഭിക്കുകയുള്ളൂ. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയതിനു പിന്നാലെയാണ് യു.കെയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന് വ്യാപനശേഷി കൂടുതലാണ്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,504 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 19,557 പേര്‍ കൂടി രോഗമുക്തി നേടി. 1,03,40,470 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 99,46,867 പേരാണ് ആകെ രോഗമുക്തി നേടി. 1,49,649 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

Top