ദക്ഷിണേന്ത്യയിൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി സിനിമാ താരങ്ങളെ ‘ചാക്കിട്ടു’ പിടിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി ബി.ജെ.പി രംഗത്ത്. അമിത് ഷായുടെ നേതൃത്വത്തിലാണ് ഇതിനു വേണ്ടി കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ.ടി.ആറുമായി ചർച്ച നടത്തിയ അമിത് ഷാ അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് കേരളവും തമിഴ് നാടുമാണ്. തമിഴ് നാട്ടിൽ രജനീകാന്ത് നോ പറഞ്ഞ സാഹചര്യത്തിൽ സൂപ്പർതാരം അജിത്ത് കുമാറിനെ സ്വാധീനിക്കാനാണ് നീക്കം നടക്കുന്നത്.
മുൻ മുഖ്യമന്ത്രി ജയലളിതയുമായി ഏറെ അടുപ്പം പുലർത്തിയ അജിത്തുമായി അണ്ണാ ഡി.എം.കെയിലെ പല ഉന്നതർക്കും ബന്ധമുണ്ട്. ശിഥിലമായ അണ്ണാ ഡി.എം.കെയെ കൂട്ടിയോജിപ്പിച്ച് മുന്നിൽ നിന്നും നയിക്കാൻ അജിത്ത് വേണമെന്നതാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ തന്ത്രം. ജയലളിതയുടെ മരണശേഷം അജിത്ത് പിൻഗാമിയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം പിൻവലിയുകയാണ് ചെയ്തിരുന്നത്. അധികാരം നഷ്ടമാകും എന്നതിനാൽ അണ്ണാ ഡി.എം.കെയിലെ ഉന്നത നേതാക്കളും അജിത്തിൻ്റെ വരവിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരുന്നത്. തുടർന്ന് ഒ പനീർശെൽവവും അതിനു ശേഷം എടപ്പാടി പളനി സ്വാമിയുമാണ് മുഖ്യമന്ത്രി പദത്തിൽ എത്തിയിരുന്നത്. ഇപ്പോൾ ഇരു വിഭാഗവും അടിച്ചു പിരിഞ്ഞ അവസ്ഥയിലാണ് ഉള്ളത്.
വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ഡി.എം.കെ മുന്നണിയാകട്ടെ സ്റ്റാലിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനവുമാണ് കാഴ്ചവയ്ക്കുന്നത്. ഈ പോക്കു പോയാൽ വീണ്ടും ഡി.എം.കെ മുന്നണി തന്നെ അധികാരത്തിൽ വരാനാണ് സാധ്യത. അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്തു പോകപ്പെട്ട ശശികല – ദിനകർ വിഭാഗങ്ങൾ തിരിച്ച് പാർട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതു കൊണ്ടൊന്നും അണ്ണാ ഡി.എം.കെ – ക്ക് ‘ശാപമോക്ഷം’ ലഭിക്കാൻ പോകുന്നില്ല. അണികൾ കൊഴിഞ്ഞു പോവുകയോ നിഷ്ക്രിയരായി മാറപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം മുൻകൈ എടുത്താണ് വീണ്ടും തമിഴ് നാട്ടിൽ ‘കരുക്കൾ ‘ നീക്കുന്നത്. ഇപ്പോൾ അജിത് കുമാറിനെ അവതരിപ്പിച്ചാൽ അണ്ണാ ഡി.എം.കെയിലെ ഒരു ചേരിക്കും എതിർക്കാൻ കഴിയുകയില്ല. തങ്ങൾക്ക് ഇനി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ കഴിയില്ലന്നത് ഏറ്റവും നന്നായി തിരിച്ചറിയുന്നത് എടപ്പാടി പളനി സ്വാമിയും ഒ പനീർ ശെൽവവുമാണ്. അജിത് മുന്നിൽ നിന്നും നയിച്ചാൽ ഭരണം പിടിച്ചാൽ അദ്ദേഹത്തിനു കീഴിൽ ഉപ മുഖ്യമന്ത്രിമാരാകാനെങ്കിലും പറ്റുമെന്ന ഉപദേശമാണ് ബി.ജെ.പി അണ്ണാ ഡി.എം.കെക്ക് നൽകുന്നത്. നേരിട്ട് അജിത്തിനെ ബി.ജെ.പി അവതരിപ്പിച്ചാൽ എതിർപ്പിന്റെ ശക്തി കൂടുമെന്ന തിരിച്ചറിവാണ് വളഞ്ഞ വഴിക്ക് ഇത്തരമൊരു നീക്കം ബി.ജെ.പി ഇപ്പോൾ നടത്തുന്നത്. അജിത് കുമാർ അനുകൂലമായി പ്രതികരിച്ചാൽ അമിത് ഷാ തന്നെ നേരിട്ട് ചർച്ച നടത്താൻ എത്തുമെന്നാണ് സൂചന.
തമിഴകത്ത് ഏറെ ജനസ്വാധീനമുള്ള താരമാണ് ‘തല’ എന്ന പേരിൽ അറിയപ്പെടുന്ന അജിത് കുമാർ. മറ്റൊരു സൂപ്പർ താരമായ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യം കാണിച്ചപ്പോൾ പോലും ആർക്കും പിടി കൊടുക്കാതെ മാറി നടക്കുന്ന നിലപാടാണ് അജിത് സ്വീകരിച്ചിരുന്നത്. അതു കൊണ്ടു തന്നെ അദ്ദേഹത്തെ രാഷ്ട്രീയത്തിൽ ഇറക്കുക എന്നത് ബി.ജെ.പിയെ സംബന്ധിച്ച് ഏറെ ശ്രമകരമായ ദൗത്യമായാണ് മാറുക. നിലവിൽ അജിത്തിന്റെ അടുപ്പക്കാരായ ചില സിനിമാ പ്രവർത്തകരെ മുൻ നിർത്തിയാണ് പ്രാഥമിക ചർച്ചകൾക്ക് ശ്രമം നടക്കുന്നത്. ഇത് ഫലപ്രാപ്തിയിൽ എത്തിയാൽ അമിത് ഷാ തന്നെ കളത്തിൽ ഇറങ്ങും. ആരാധകരുടെ പിന്തുണ വച്ച് അളന്നാൽ ദളപതി വിജയിയുടേതിന് സമാനമായ പിന്തുണ തമിഴകത്ത് അജിത്തിനും ഉണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും കണക്ക് വച്ചു നോക്കിയാൽ രജനീകാന്തിനേക്കാൾ ഈ വിഭാഗത്തിലുള്ളവരുടെ പിന്തുണ ദളപതിക്കും അജിത്തിനുമാണ് ഉള്ളത്.
കേരളത്തിൽ കോൺഗ്രസ്സ് നേരിടുന്നതിന് സമാനമായ അവസ്ഥയാണ് തമിഴ് നാട്ടിൽ അണ്ണാ ഡി.എം.കെ നേരിടുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ കുടി തിരിച്ചടി നേരിട്ടാൽ നേതാക്കളും അണികളും കുട്ടത്തോടെയാണ് പാർട്ടി വിടുക. അണ്ണാ ഡി.എം.കെയുമായി സഖ്യത്തിൽ മത്സരിക്കുന്ന ബി.ജെ.പിക്കും സ്വാധീനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. തമിഴ് നാട്ടിലെ നിലവിലെ എം.പിമാരിൽ ബഹുഭൂരിപക്ഷവും അണ്ണാ ഡി.എം.കെ നേതാക്കളാണ്. അവർ രണ്ട് ചേരിയിൽ ആണെങ്കിലും ഡൽഹിയിൽ പിന്തുണയ്ക്കുന്നത് ബി.ജെ.പിയെയാണ്. ഈ അവസ്ഥക്ക് അടുത്ത തിരഞ്ഞെടുപ്പിൽ മാറ്റം വന്നാൽ അത് കേന്ദ്രത്തിലെ ബി.ജെ.പിയുടെ കണക്കു കൂട്ടലാണ് തെറ്റിക്കുക. അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനു കൂടിയാണ് അജിത്തിനെ മുൻനിർത്തി തന്ത്രപരമായ നീക്കം അവരിപ്പോൾ നടത്തി വരുന്നത്.
തെലങ്കാനയിൽ ജൂനിയർ എൻ.ടി.ആറിനെ മുൻ നിർത്തിയാൽ സംസ്ഥാന ഭരണം തന്നെ പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ബി.ജെ.പിക്കുണ്ട്. കേരളത്തിൽ, മോഹൻലാൽ ഇനിയും മുഖം തിരിച്ചാൽ ജയറാം ഉൾപ്പെടെയുള്ള താരങ്ങളെ ഒപ്പം നിർത്താനാണ് ശ്രമം. ലോകസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പി ഉറപ്പിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി അടുത്ത തവണ ജയിക്കുമെന്നാണ് കണക്ക് കൂട്ടൽ. തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ അവിടെയും അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.
EXPRESS KERALA VIEW