തിരുവനന്തപുരം: വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാവാത്തതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുണ്ടായത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല.
ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ട് പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.