കേന്ദ്രസർക്കാരിനെതിരായ വ്യാജ വാർത്ത തടയാൻ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം

ഡൽഹു: കേന്ദ്രസർക്കാരിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കുന്നത് തടയാൻ പുതിയ സംവിധാനം വരുമെന്ന് ഐടി മന്ത്രാലയം. സർക്കാരിനെ കുറിച്ചുള്ള വാർത്തകളുടെ നിജസ്ഥിതി ഈ സംവിധാനം പരിശോധിക്കും. വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതാകും പുതിയ ചട്ടം.

വാർത്തകൾ നീക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ഇതിലൂടെ കേന്ദ്ര സർക്കാരിനാകും. വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള പിഐബിയെ വസ്തുതാ പരിശോധനയ്ക്ക് ചുമതലപ്പെടുത്തും എന്നാണ് നേരത്തെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനമാണ് ആലോചനയിലെന്ന സൂചന ഐടി മന്ത്രാലയം നൽകി.

വ്യാജ പ്രചാരണം ഒഴിവാക്കാനാണ് നടപടിയെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമല്ലെന്നും ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഉള്ളടക്കം തെറ്റെങ്കിൽ അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തം സാമൂഹ്യ മാധ്യമങ്ങൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ വാർത്തകൾ സെൻസർ ചെയ്യാനുള്ള ബിജെപിയുടെ നീക്കമാണ് പുതിയ സംവിധാനത്തിന് പിന്നിലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു

Top