ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കുന്നു. കമ്പനി അടുത്ത തലമുറ നെക്‌സണും ടിയാഗോ ഹാച്ച്‌ബാക്കും വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, 2024 ടാറ്റ നെക്‌സോൺ പൊതുനിരത്തുകളിൽ ആദ്യമായി പരീക്ഷണം നടത്തുന്നതായി കണ്ടെത്തി. മോഡൽ പൊതിഞ്ഞ നിലയിലായിരുന്നുവെങ്കിലും പ്രധാന ഡിസൈൻ മാറ്റങ്ങൾ വെളിപ്പെടുത്തുന്നു.
2024 ടാറ്റ നെക്‌സോൺ യഥാർത്ഥ സിലൗറ്റ് നിലനിർത്തുന്നു. എന്നിരുന്നാലും, ഇത് പൂർണ്ണമായും പരിഷ്കരിച്ച ഫ്രണ്ട് ആൻഡ് റിയർ-എൻഡ് സ്റ്റൈലിംഗുമായി വരുന്നു. പുതിയ ഇന്റീരിയർ, ഫീച്ചറുകൾ, പവർട്രെയിനുകൾ എന്നിവയും പുതിയ മോഡലിന് ലഭിക്കും. കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയ്‌ക്ക് പുതിയ നെക്‌സോൺ എതിരാളിയാകും.
സ്റ്റൈലിംഗിന്റെ കാര്യത്തിൽ, 2024 ടാറ്റ നെക്‌സോൺ പൂർണ്ണമായും പുതുക്കിയ ഫ്രണ്ട് ആൻഡ് റിയർ പ്രൊഫൈലിലാണ് വരുന്നത്. ഇത് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹെഡ്‌ലൈറ്റുകളും ബന്ധിപ്പിച്ചിരിക്കുന്നു, അവ ഇപ്പോൾ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്ത പുതിയ കര്‍വ്വ്, ഹാരിയർ ഇവി കൺസെപ്‌റ്റുകളിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പുതിയ മോഡൽ പങ്കിടുന്നു.
2024 ടാറ്റ നെക്‌സോൺ എസ്‌യുവി ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. നിലവിലെ മോഡലിന് സെന്റർ മൗണ്ടഡ്, 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉണ്ട്. പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുള്ള ഒരു പുതിയ ഡാഷ്‌ബോർഡും സെൻട്രൽ കൺസോളും ലഭിക്കാൻ സാധ്യതയുണ്ട്. ഫാക്ടറിയിൽ ഘടിപ്പിച്ച ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ആറ് എയർബാഗുകൾ, ഓട്ടോമാറ്റിക് എസി തുടങ്ങിയവയും ഇത് വാഗ്ദാനം ചെയ്യും.
2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് 2024 ടാറ്റ നെക്‌സോണിന് കരുത്തേകാൻ സാധ്യത. ഈ എഞ്ചിൻ കര്‍വ്വ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള എസ്‌യുവിക്കും കരുത്ത് പകരും . ഇത് വരാനിരിക്കുന്ന ബിഎസ് 6 ഘട്ടം രണ്ട് എമിഷൻ മാനദണ്ഡങ്ങൾക്കും എത്തനോൾ കലർന്ന E20 ഇന്ധനത്തിനും അനുസൃതമായിരിക്കും. ഈ എഞ്ചിന് 5,000 ആർപിഎമ്മിൽ 125 പിഎസ് പവറും 1700-3500 ആർപിഎമ്മിൽ 225 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും. 6-സ്പീഡ് മാനുവൽ, ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.