തിരുവനന്തപുരം: സോഷ്യൽ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തിൽ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികൾ വഴി പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലിൽ നിന്നെന്ന് തോന്നിക്കുന്ന രീതിയിൽ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലർക്കും ലഭിക്കാറ്.
ഇത്തരത്തിൽ തുടക്കകാലത്ത് ഇതിൽ വീണുപോയവർ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോൺ നമ്പറിലേക്ക് പണം കൈമാറും. എന്നാൽ പിന്നീടാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുക. ഉത്തരേന്ത്യൻ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നിൽ എന്നാണ് കേരള പൊലീസിൻറെ അടക്കം പല അന്വേഷണങ്ങളും പറയുന്നത്. നേരത്തെ തന്നെ ഇത്തരം ഫേസ്ബുക്ക് തട്ടിപ്പുകൾക്കെതിരെ ആളുകൾ പ്രതികരിക്കാൻ ആരംഭിച്ചിരുന്നു.
ഇത് പ്രകാരം ഇത്തരം സന്ദേശങ്ങൾ ലഭിച്ചെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ഇത് സംബന്ധിച്ച് അക്കൗണ്ട് ഉടമകൾ പോസ്റ്റുകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അടുത്തകാലത്ത് ഇത്തരം തട്ടിപ്പിന് ചെറിയ ശമനം ഉണ്ടായിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ നിരീക്ഷിക്കുന്നവർ തന്നെ പറയുന്നത്.
എന്നാൽ ഇപ്പോൾ ഈ തട്ടപ്പ് വാട്ട്സ്ആപ്പിലേക്കും വ്യാപിച്ചുവെന്നാണ് വിവരം. അടുത്തിടെ നിയമസഭ സ്പീക്കർ എംബി രാജേഷ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിൻറെ ഫോട്ടോ ഉപയോഗിച്ച് ഒരു നമ്പറിൽ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ചിലർ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ടുവെന്ന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വജയന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം നടന്നചായും വാർത്ത വന്നിരുന്നു. ഇതിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം.
പണമാവശ്യപ്പെട്ടവർ കൈമാറിയ അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേൽവിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചുവെന്നാണ് വിവരം. ഡിജിപി അനിൽ കാന്തിൻറെ പേരിലും സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു.