കൊച്ചി: ബാറോസിന്റെ പുത്തന്‍ അപ്ഡേറ്റ് പുറത്ത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നേടിയെടുത്ത പാഠങ്ങളുമായി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നും. ചിത്രത്തിന്റെ സുപ്രധാന അപ്ഡേറ്റ് നവംബര്‍ 4ന് വൈകീട്ട് അഞ്ച് മണിക്ക് എത്തുമെന്നാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴി അറിയിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന് മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നുണ്ട്. ടികെ രാജീവ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്.
3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. സിനിമയുടെ സ്പെഷ്യല്‍ എഫക്ട്സ് ഇന്ത്യയിലും തായ്ലന്റിലും ആയാണ് നടക്കുന്നതെന്നും മറ്റ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.