ബെംഗലൂരു: ഋഷഭ് ഷെട്ടിയുടെ ‘കാന്താര’പാന്‍ ഇന്ത്യന്‍ തലത്തില്‍ വളരെയധികം വീജയം നേടിയ ചിത്രമാണ്. കന്നഡ ഭാഷയില്‍ ഇറങ്ങിയ ചിത്രം അതിന്റെ പ്രമേയ വൈവിദ്ധ്യത്താല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യ വാരം ആരംഭിക്കാനിരിക്കെ പുത്തന്‍ അപ്ഡേറ്റാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 27 ന് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 എന്നാണ് ചിത്രത്തിന്റെ പേര്.
ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെ നിര്‍മ്മാതാക്കള്‍. കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. 150 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആയിരിക്കും കാന്താര രണ്ട് പ്രദര്‍ശനത്തിനെത്തുക.
കാന്താര 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. ക്ലൈമാക്സായിരുന്നു കാന്താരയുടെ പ്രധാന ആകര്‍ഷണം. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബജറ്റ് വെറും 16 കോടിയായിരുന്നെങ്കിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയിരുന്നു കാന്താര മുന്നേറുകയായിരുന്നു.