വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ശക്തി കുറയുന്നതായി യുഎസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
31,000 സജീവ പോരാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 25,000 ത്തില്‍ താഴെയാളുകള്‍ മാത്രമാണ് ഐഎസില്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഖ്യസേന തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് ഐഎസിന്റെ 20 ശതമാനം പോരാളികളെ കുറയ്ക്കാന്‍ സാധിച്ചതെന്നാണ് നിരീക്ഷണം.
ഐഎസിനെ തകര്‍ക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പദ്ധതി ശക്തമായി മുന്നോട്ടു പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തി കുറയുന്നുണ്ടെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ് ഇപ്പോഴും ശക്തമായ വെല്ലുവിളിയാണ്.
ഐഎസിന് ശക്തമായ തിരിച്ചടിയാണ് ഇക്കാലത്ത് ഉണ്ടാകുന്നത്. ഇറാഖി സൈന്യത്തെ യുഎസ് സേന പിന്തുണയ്ക്കുന്നുണ്ട്. യുഎസിന്റെ നേതൃത്വത്തില്‍ ഏതാണ്ട് 10,000 വ്യോമാക്രമണങ്ങള്‍ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ 31,000 പോരാളികളായിരുന്നു ഐഎസില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 19,00025,000 വരെയാണ്. ഐഎസിലേക്ക് പോകുന്നവരുടെ എണ്ണം രാജ്യാന്തര തലത്തില്‍ നിയന്ത്രിക്കാന്‍ സാധിച്ചത് ഇവരുടെ ശക്തി കുറയ്ക്കാന്‍ സഹായിച്ചുവെന്നാണ് കരുതുന്നത്.
ഉത്തര ആഫ്രിക്കയിലെ ഭീകരസംഘടനയിലുള്ളവര്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയിട്ടുണ്ടെന്നുള്ള നിര്‍ണായക വിവരം യുഎസ് ഇന്റലിജന്‍സ് പുറത്തുവിട്ടു.