കൊല്ലം: ചക്കുവള്ളി ക്ഷേത്രമൈതാനം വേദിയായി നല്‍കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നല്‍കണമെന്ന ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നതിനാലാണ് നടപടി.
കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കുന്നത്തൂരിലെ നവകേരള സദസ്.
തയ്യാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോഴാണ് നടപടി. ഈ കോടതി വിധി മറ്റു രണ്ടു വേദികളുടെ കേസിനെ ബാധിക്കും. കൊല്ലം കടയ്ക്കല്‍ ക്ഷേത്ര മൈതാനം, ശാര്‍ക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലെ വേദികള്‍ക്കെതിരായ കേസ് തിങ്കളാഴ്ച പരിഹരിക്കാനിരിക്കെയാണ് ഈ ഉത്തരവ്.