ആപ്പിള്‍ കംപ്യൂട്ടറുകളിലും പുതിയ വിന്‍ഡോസ് ആപ്പ്; നിലവില്‍ മൈക്രോസോഫ്റ്റിന്റെ ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രം

നി ഐഫോണിലും, ഐപാഡിലും മാക്ക് ഓഎസിലും വിവിധ ബ്രൗസറുകളിലും ഉപയോഗിക്കാവുന്ന പുതിയ വിന്‍ഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. നിലവില്‍ ഇത് പ്രിവ്യൂ ഘട്ടത്തിലാണ്. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ‘ഇഗ്‌നൈറ്റ് 2023’ യില്‍ വെച്ചാണ് വിന്‍ഡോസ് ആപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ മൈക്രോസോഫ്റ്റിന്റെ ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് വിന്‍ഡോസ് ആപ്പിന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുക എങ്കിലും താമസിയാതെ തന്നെ മറ്റ് ഉപഭോക്താക്കള്‍ക്കും ആപ്പ് ഉപയോഗിക്കാനാവും.

വിന്‍ഡോസ് 365, അഷ്വര്‍ വിര്‍ച്വല്‍ ഡെസ്‌ക്ടോപ്പ്, മൈക്രോസോഫ്റ്റ് ഡെവ് ബോക്സ്, പേഴ്സണല്‍ റിമോട്ട് ഡെസ്‌ക്ടോപ്പ് പിസി എന്നിവയെല്ലാം ഏത് ഉപകരണത്തില്‍ നിന്നും ഉപയോഗിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കുംറിമോട്ട് ഡെസ്‌ക് ടോപ്പ്, ആര്‍ഡിപി കണക്ഷന്‍ എന്നിവയ്ക്കൊപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പിസി സേവനങ്ങള്‍ ഏകീകരിക്കുന്ന കസ്റ്റമൈസ് ചെയ്യാനാവുന്ന ഒരു ഹോം സ്‌ക്രീന്‍ ആയാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഡെസ്‌ക്ടോപ്പുകള്‍, ലാപ്ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട്ഫോണുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങളില്‍ ആപ്പ് ലഭ്യമാവും. വെബ് ബ്രൗസറുകള്‍ വഴിയും ഒന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ആപ്പ് ഉപയോഗിക്കാനാവും. തുടക്കത്തില്‍ ഐഒഎസ്, ഐപാഡ് ഒഎസ്, വിന്‍ഡോസ്, വെബ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ലഭിക്കുക. ആന്‍ഡ്രോയിഡില്‍ ഭാവിയില്‍ എത്തുമെന്നാണ് സൂചന.

ക്ലൗഡ് അധിഷ്ടിത സേവനങ്ങളിലേക്ക് ശ്രദ്ധചെലുത്താനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതികളുടെ ഭാഗമായാണ് വിന്‍ഡോസ് ആപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഭാവിയില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തടസങ്ങളില്ലാതെ ക്ലൗഡ് പിസികളും വിന്‍ഡോസ് ആപ്പുകളും ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണ് കമ്പനിയുടെ ശ്രമം. വിന്‍ഡോസ് ആപ്പിനൊപ്പം വിന്‍ഡോസ് 365 സേവനത്തില്‍ ജിപിയു പിന്തുണയും കമ്പനി പ്രഖ്യാപിച്ചു. ഇതോടെ പുതിയ എഐ സൗകര്യങ്ങള്‍ ഉള്‍പ്പടെ നിരവധി പുതിയ ഫീച്ചറുകള്‍ വിന്‍ഡോസ് 365 ല്‍ ലഭിക്കും.

Top