യമഹ RX100 തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത കേട്ടുതുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി. 2022 ജൂലൈയിൽ, ഇന്ത്യയിൽ ഐക്കണിക്ക് യമഹ RX100 തിരികെ കൊണ്ടുവരുമെന്ന് യമഹ സ്ഥിരീകരിച്ചിരുന്നു. ആധുനിക ഡിസൈൻ ഭാഷയും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനും ഉള്ള യഥാർത്ഥ ബൈക്കിന്റെ പുനർജന്മമായിരിക്കും ഇത്. പുതിയ RX100 “ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഫലപ്രദമായ പാക്കേജായിരിക്കണം” എന്ന് നേരത്തെ യമഹ മോട്ടോർ ഇന്ത്യ ചെയർമാൻ ഐഷിന്‍ ചിഹാന വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ, പുത്തൻ RX100 എത്തുക കൂടുതൽ കരുത്തോടെ ആയിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു ഇലക്ട്രിക് പവർട്രെയിനോടുകൂടിയ RX100ന്‍റെ തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു വലിയ ഡിസ്പ്ലേസ്മെന്റ് ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് മോഡല്‍ വീണ്ടും അവതരിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കമ്പനി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതുകൊണ്ടു തന്നെ കമ്പനി R15 V4-ന്റെ 155cc, സിംഗിൾ-സിലിണ്ടർ, ഫോർ-വാൽവ്, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യൂണിറ്റ് പരമാവധി 18.4 bhp കരുത്തും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ യമഹ RX100 ലോഞ്ച് 2026 ന് ശേഷം മാത്രമേ നടക്കൂ എന്നും യമഹ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
“ഞങ്ങൾക്ക് ഒരു പ്ലാനുണ്ട്, പക്ഷേ ഞങ്ങൾ അത്ര എളുപ്പത്തിൽ RX100 പേര് ഉപയോഗിക്കില്ല.. RX100 ഒരു പെട്ടെന്നുള്ള തീരുമാനമാകില്ല.. അത് ശക്തമായ എഞ്ചിനും ഡിസൈനും ഉള്ള ഒരു ഇംപാക്ടീവ് പാക്കേജ് ആയിരിക്കണം..” ഐഷിന്‍ ചിഹാന നേരത്തെ വ്യക്തമാക്കിയിരുന്നു.