പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്; അക്രമം തടയാന്‍ ബംഗളൂരുവില്‍ 7000 പൊലീസുകാര്‍

ബംഗളൂരു: പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇനി വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് ന്യൂയര്‍ ഏറ്റവും നല്ല രീതിയില്‍ ആഘോഷിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. ഇവിടെ അക്രമ സംഭവങ്ങള്‍ തടയുന്നതിനായി 7000 പൊലീസുകാരെ നിയമിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. ന്യൂയര്‍ ആഘോഷിക്കാന്‍ യുവാക്കള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പൊലീസുകാരെ നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എംജി റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുതുവത്സരാഘോഷത്തിനിടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ വന്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

പൊലീസുകാര്‍ക്ക് പുറമെ സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍, ഡ്രോണുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ സെന്‍ട്രല്‍ ഏരിയകളിലുള്ള മെയിന്‍ റോഡുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ രാത്രി 8 മുതല്‍ പിറ്റേന്ന് രാവിലെ ആറു വരെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി ഇരു ചക്രവാഹനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ടെന്നും കമ്മീഷ്ണര്‍ പറഞ്ഞു.

മാത്രമല്ല 270ഓളം ഹൊയ്‌സാല വാഹനങ്ങള്‍ നഗരത്തില്‍ പട്രോളിങ് നടത്തുമെന്നും ഭാസ്‌കര്‍ റാവു അറിയിച്ചു. നഗരത്തിലെ റോഡുകളില്‍ പുതുവത്സരാഘോഷത്തിനെത്തുന്ന സ്ത്രീകളോടും കുട്ടികളോടും ജാഗ്രത പാലിക്കാനും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നഗരത്തിലെ പ്രധാന ഹോട്ടലുകളും പബ്ബുകളും ബുധനാഴ്ച്ച പുലര്‍ച്ചെ 2 വരെ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Top