ദോഹ: ന്യൂയോര്‍ക്ക് നഗരത്തിലെ പ്രസിദ്ധമായ പ്ലാസ ഹോട്ടല്‍ ഖത്തര്‍ സ്വന്തമാക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കത്താറ ഹോള്‍ഡിങ്‌സ് ആണ് 60 കോടി ഡോളറിന് ( ഏകദേശം 4150 കോടി രൂപ) ഹോട്ടല്‍ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായിരുന്നു ഒരിക്കല്‍ ഈ ഹോട്ടലിന്റെ ഉടമ. പിന്നീട് സുബ്രതോ റോയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കമ്പനിയായ സഹാറ ഗ്രൂപ്പ് 75 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.
ന്യൂയോര്‍ക്ക് നഗരത്തിന്റെ മുഖമുദ്രകളില്‍ ഒന്നാണ് പ്ലാസ ഹോട്ടല്‍. ഹോട്ടലിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശമാണ് കത്താറ സ്വന്തമാക്കുന്നതെന്ന് റോയിട്ടേഴ്‌സ് പറയുന്നു. അതേസമയം വില്‍പന ഇടപാടിനെക്കുറിച്ച് കത്താറ ഹോള്‍ഡിങ്ങോ സഹാറയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ന്യൂയോര്‍ക് പ്ലാസ, ന്യൂയോര്‍ക്കിലെതന്നെ ഡ്രീം ഡൗണ്‍ടൗണ്‍ ഹോട്ടല്‍, ലണ്ടനിലുള്ള ഗ്രോസ്വെനര്‍ ഹൗസ് എന്നിവയില്‍ സഹാറയ്ക്കുള്ള ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക്(ക്യുഐഎ) വില്‍ക്കാന്‍ 2016 ജൂലൈയില്‍ ഇന്ത്യന്‍ സുപ്രീം കോടതി സഹാറയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇടപാടില്‍ നിന്ന് ക്യുഐഎ പിന്‍മാറി.