ലോകത്താകെ കൊറോണ ബാധിച്ചത് രണ്ടര ലക്ഷം പേര്‍ക്ക്; മരണസംഖ്യയില്‍ ചൈനയെ മറികടന്ന് ഇറ്റലി

ദുബായ്: വിവിധ രാജ്യങ്ങളിലായി ലോകത്താകെ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ഇറ്റലിയില്‍ മരണസംഖ്യയില്‍ ചൈനയെ മറികടന്നെന്ന് വിവരം. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം അയ്യായിരം പേര്‍ക്കുകൂടി പുതുതായി ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ചു.

പൗരന്മാരുടെ എല്ലാ വിദേശയാത്രകളും അമേരിക്ക വിലക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നാസയുടെ രണ്ട് റോക്കറ്റ് നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ഹോണ്ട, നിസ്സാന്‍ എന്നിവ അമേരിക്കയിലെ ഫാക്ടറികള്‍ അടച്ചു. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 193 പേരും ഇറാനില്‍ 149 പേരും ഫ്രാന്‍സില്‍ 108 പേരും മരിച്ചു.

മരുന്നുകള്‍ക്കും വൈദ്യ ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കൂട്ടരോഗപ്പകര്‍ച്ച ഉണ്ടാകുമെന്ന ആശങ്കയിലായ ബ്രിട്ടന്‍ ലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കി. പാരിസില്‍ മെയ് 12ന് തുടങ്ങാനിരുന്ന കാന്‍ ഫിലിം ഫെസ്റ്റിവല്‍ മാറ്റി വച്ചു. അതേസമയം ടോക്കിയോ ഒളിമ്പിക്‌സ് ഉപേക്ഷിക്കില്ലെന്ന അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി അധ്യക്ഷന്‍ തോമസ് ബാച് പറഞ്ഞു. ഒളിമ്പിക്‌സ് നീട്ടണമോയെന്ന തീരുമാനിക്കാന്‍ സമായമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top