മുംബൈ: ഇന്ത്യൻ ഇന്നിങ്സിലെ 10 വിക്കറ്റും പിഴുത് ചരിത്രമെഴുതിയ സ്പിന്നർ അജാസ് പട്ടേലിന്റെ പ്രകടനം ന്യൂസീലൻഡ് ബാറ്റർമാർക്ക് പ്രചോദനമായില്ല. ഫലം, ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ന്യൂസീലൻഡ് വെറും 62 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കു മുന്നിൽ 263 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ന്യൂസീലൻഡ് ബാറ്റർമാർ, ഒന്നാം ഇന്നിങ്സിൽ വെറും 28.1 ഓവർ മാത്രമാണ് ക്രീസിൽ നിന്നത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 325 റൺസെടുത്തിരുന്നു.
നാലു വിക്കറ്റ് പിഴുത രവിചന്ദ്രൻ അശ്വിൻ, മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് പിഴുത അക്ഷർ പട്ടേൽ, ഒരു വിക്കറ്റ് പിഴുത ജയന്ത് യാദവ് എന്നിവർ ചേർന്നാണ് ന്യൂസീലൻഡിനെ എറിഞ്ഞൊതുക്കിയത്. അശ്വിൻ എട്ട് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്താണ് നാലു വിക്കറ്റ് പിഴുത്തത്.
36 പന്തിൽ രണ്ടു ഫോറുകൾ സഹിതം 17 റൺസെടുത്ത കൈൽ ജയ്മിസനാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. ജയ്മിസനെ കൂടാതെ ന്യൂസീലൻഡ് നിരയിൽ രണ്ടക്കം കണ്ടത് 14 പന്തിൽ രണ്ടു ഫോറുകളോടെ 10 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാതം മാത്രം. ന്യൂസീലൻഡ് ഇന്നിങ്സിൽ ആകെ പിറന്നത് ഏഴു ഫോറുകൾ മാത്രമാണ്. ഏഴാം വിക്കറ്റിൽ ടോം ബ്ലണ്ടലും കൈൽ ജയ്മിസനും ചേർന്ന് കൂട്ടിച്ചേർത്ത 16 റൺസാണ് കിവീസ് ഇന്നിങ്സിലെ ഇതുവരെയുള്ള ഉയർന്ന കൂട്ടുകെട്ട്.
വിൽ യങ് (ഒൻപതു പന്തിൽ നാല്), ഡാരിൽ മിച്ചൽ (11 പന്തിൽ എട്ട്), റോസ് ടെയ്‍ലർ (രണ്ടു പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (31 പന്തിൽ ഏഴ്), ടോം ബ്ലണ്ടൽ (24 പന്തിൽ എട്ട്), രചിൻ രവീന്ദ്ര (15 പന്തിൽ നാല്), ടിം സൗത്തി (0), വില്യം സോമർവിൽ (0), എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അജാസ് പട്ടേൽ (0) പുറത്താകാതെ നിന്നു.