ഒരു കൊവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടണ്‍: രാജ്യത്തിനകത്ത് കൊവിഡ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഇല്ലാത്ത നൂറ് ദിവസങ്ങള്‍ പിന്നിട്ട് ന്യൂസിലന്‍ഡ്. എന്നാല്‍ ഇനിയും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രാജ്യത്തിനുള്ളില്‍ 23 കൊവിഡ് പൊസിറ്റീവായവര്‍ ഇനിയുമുണ്ട്. ഇവരെയെല്ലാം തന്നെ രാജ്യാതിര്‍ത്തിയില്‍ വച്ചുള്ള പരിശോധനയിലാണ് കണ്ടെത്തിയത്. അതോടെ 23 പേരെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഇല്ലാതെ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കാനായത് കൊവിഡ് പ്രതിരോധത്തില്‍ നാഴികക്കല്ലായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് വിശദമാക്കിയതായാണ് എഎഫ്പി റിപ്പോര്‍ട്ട്. എന്നാല്‍ വൈറസ് എത്രവേഗത്തിലാണ് വീണ്ടും വരുന്നതെന്ന കാര്യം നമ്മള്‍ കാണുന്നതാണ്. അതിനാല്‍ ആശ്വസിക്കാനും വിശ്രമിക്കാനും സമയമായിട്ടില്ലെന്നും ആഷ്‌ലി ബ്ലൂംഫീല്‍ഡ് പറയുന്നു.

നേരത്തെ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായ രാജ്യങ്ങളില്‍ പോലും വീണ്ടും വൈറസ് ബാധ പടരുന്നത് നമ്മള്‍ കാണുന്നുണ്ട്. അത്തരമൊരു സാഹചര്യം ന്യൂസിലന്‍ഡിലുണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളിലാണെന്നും ആഷ്‌ലി ബ്ലൂംഫീല്‍ഡ് കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ച്ച് 19ന് രാജ്യാതിര്‍ത്തികള്‍ അടച്ച് വൈറസ് വ്യാപനം കാര്യക്ഷമമായി തടഞ്ഞ രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്.

കമ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെയുള്ള വൈറസ് ബാധ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് മെയ് 1നാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെങ്കിലും കൊവിഡ് പരിശോധന രാജ്യത്ത് കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ട്.

Top