new zealand india test cricket

കോല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 112 റണ്‍സിന്റെ ലീഡ്.

ഏഴു വിക്കറ്റിനു 128 എന്ന നിലയില്‍ രണ്ടാം ദിവസം കളിയവസാനിപ്പിച്ച ന്യൂസിലാന്‍ഡിനു മൂന്നാം ദിനം ആദ്യ സെഷന്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 204 റണ്‍സില്‍ അവരുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു.

മൂന്നാം ദിനത്തില്‍, തലേദിവസം നിര്‍ത്തിയിടത്തു നിന്ന് തുടങ്ങുകയായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍. സ്‌കോര്‍ 182 ല്‍ എത്തിയപ്പോള്‍ 47 റണ്‍സുമായി ചെറുത്തു നില്‍പ് നടത്തിയ ജീതന്‍ പട്ടേല്‍ വീണു.

അശ്വിന്റെ പന്തില്‍ ബാറ്റുവച്ച പട്ടേലിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത് മുഹമ്മദ് ഷമിയുടെ കൈകളില്‍. തൊട്ടു പിന്നാലെ 25 റണ്‍സെടുത്ത വാട്‌ലിംഗിനെയും 10 റണ്‍സെടുത്ത വാഗ്‌നറെയും പുറത്താക്കി ഷമി കീവികളെ കൂടാരം കയറ്റി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 316 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് നിരയില്‍ ടെയ്‌ലര്‍ക്കും റോഞ്ചിക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. അഞ്ചു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് കീവികളുടെ നടുവൊടിച്ചത്.

രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ നാലോവറില്‍ വിക്കറ്റു നഷ്ടമില്ലാതെ ഒന്‍പതു റണ്‍സെടുത്തിട്ടുണ്ട്.

Top