ലോകകപ്പില്‍ ന്യൂസീലന്‍ഡിന് ഇന്ന് നാലാമങ്കം. അഫ്ഗാനിസ്താനാണ് എതിരാളികള്‍. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മത്സരം ആരംഭിക്കും. മൂന്ന് കളിയും മൂന്നും വിജയിച്ച് ഇന്ത്യക്ക് പിന്നില്‍ രണ്ടാമതുള്ള കിവീസ് ഈ കളി ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. എന്നാല്‍, ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയെത്തുന്ന അഫ്ഗാനിസ്താനെതിരെ കിവീസിന് ജയം എളുപ്പമാവില്ല.
സ്പിന്‍ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാല്‍ മൂന്ന് ലോകോത്തര സ്പിന്നര്‍മാര്‍ അഫ്ഗാനു മുന്‍ഗണന നല്‍കും. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള കെയിന്‍ വില്ല്യംസണ്‍ കളിക്കാത്തതും കിവീസിനു തിരിച്ചടിയാണ്. എന്നാല്‍, സാന്റ്‌നര്‍, രചിന്‍ എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്‌സിലുള്ള സ്പിന്‍ ഓപ്ഷന്‍ കിവീസിനു പ്രതീക്ഷ നല്‍കുന്നുണ്ട്.
കെയിന്‍ വില്ല്യംസണ്‍ വീണ്ടും പരുക്കേറ്റ് പുറത്തായതിന്റെ തിരിച്ചടിയിലാണ് ന്യൂസീലന്‍ഡ് ഇറങ്ങുക. ടോപ്പ് ഓര്‍ഡറില്‍ രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ന്യൂസീലന്‍ഡിനു ബോണസാണ്. ഡാരില്‍ മിച്ചല്‍, ടോം ലാതം, ഡെവോണ്‍ കോണ്‍വേ തുടങ്ങിയവരും ഫോമിലാണ്. മധ്യനിരയ്ക്കും വാലറ്റത്തിനും ഇതുവരെ കാര്യമായ പരീക്ഷണം നേരിടേണ്ടിവന്നിട്ടില്ല. ട്രെന്റ് ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയില്‍ മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരും ഫോമിലാണ്.