2023 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ ന്യൂസീലന്‍ഡ് പതറുന്നു

ചെന്നൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ ന്യൂസീലന്‍ഡ് പതറുന്നു. കിവീസിന് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മിച്ചല്‍ പുറത്താകുമ്പോള്‍ കിവീസ് 110 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. 109 ന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് കിവീസ് 110 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണത്. വെറും ഒരു റണ്‍ ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ന്യൂസീലന്‍ഡിന് നഷ്ടമായി.

മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്രീസിലുറച്ച രചിനെ ക്ലീന്‍ ബൗള്‍ഡാക്കി ഒമര്‍സായി വരവറിയിച്ചു. 32 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വില്‍ യങ്ങിനെ ഇക്രമിന്റെ കൈയ്യിലെത്തിച്ച് ഒമര്‍സായി കൊടുങ്കാറ്റായി. 64 പന്തില്‍ 54 റണ്‍സ് നേടിയശേഷമാണ് യങ് ക്രീസ് വിട്ടത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് താരം അഞ്ചുപന്തുകള്‍ക്കിടയില്‍ വീഴ്ത്തിയത്. പിന്നാലെ വന്ന ഡാരില്‍ മിച്ചലിനും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത മിച്ചലിനെ റാഷിദ് ഖാന്‍ പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ടീം സ്‌കോര്‍ 30-ല്‍ നില്‍ക്കേ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്ടപ്പെട്ടു. 20 റണ്‍സെടുത്ത താരത്തെ മുജീബുര്‍ റഹ്‌മാന്‍ പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വില്‍ യങ്ങും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോര്‍ 109-ല്‍ എത്തിച്ചു. വില്‍ യങ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. എന്നാല്‍ അസ്മത്തുള്ള ഒമര്‍സായിയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു.

 

 

Top