മുംബൈ: ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം.
സെഞ്ച്വറിയുമായി ടോം ലതാമും (103), അര്‍ദ്ധ സെഞ്ച്വറിയുമായി റോസ് ടെയ്‌ലറും (95) ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
281 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 49 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
80 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ന്യൂസിലാന്റിന് നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ ലതാമും ടെയ്‌ലറും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 200 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ന്യൂസിലാന്റ് 1-0ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ, തന്റെ ഇരുന്നൂറാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കൊഹ്ലിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. തുടക്കത്തിലെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (20), ശിഖര്‍ ധവാന്‍ (9) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യന്‍ നിരയില്‍ കൊഹ്ലിയെ കൂടാതെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
ന്യൂസിലാന്റിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ടിം സൗത്തി രണ്ടും, മിച്ചല്‍ സ്റ്റാന്റ്‌നര്‍ ഒരു വിക്കറ്റും നേടി. മികച്ച ഫോമിലുള്ള അജിന്‍ക്യ രഹാനെയെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.