വെല്ലിങ്ടണ്‍: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ആതിഥേയരായ ന്യൂസീലന്‍ഡ് തൂത്തുവാരി. ആകെയുള്ള മൂന്ന് ഏകദിനങ്ങളില്‍ മൂന്നും വിജയിച്ചാണ് കിവീസ് പരമ്പര സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തില്‍ 164 റണ്‍സിനായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന്റെ തുടക്കം ആശാവഹമായിരുന്നില്ല. ഇരുപത്തിമൂന്ന് ഓവര്‍ എത്തിയപ്പോള്‍ നാലിന് 120 എന്ന നിലയിലായിരുന്നു. എന്നാല്‍, പിന്നീട് ഇവിടുന്ന് ഡെവണ്‍ കോവെയും ഡാറില്‍ മിച്ചലും ചേര്‍ന്ന് മികച്ച സ്‌കോറിലേയ്ക്ക് ടീമിനെ കരകയറ്റുകയായിരുന്നു. ഇവരുടെ സെഞ്ചുറികളുടെ ബലത്തില്‍ അമ്പത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സാണ് കിവീസ് നേടിയത്. കോണ്‍വെ 126 ഉം മിച്ചല്‍ 100 ഉം. കോണ്‍വെയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും.
ബംഗ്ലാദേശിനു വേണ്ടി റൂബല്‍ ഹൊസൈന്‍ മൂന്നും മുസ്താഫിസുര്‍, താസ്‌കിന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കിവീസ് ബാറ്റിങ് നിരയില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല.
കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശിനുവേണ്ടി മഹ്മുദുള്ളയ്ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. 73 പന്തില്‍ നിന്ന് 76 റണ്‍സ് നേടി മഹ്മുദുള്ള ചെറുത്തുനിന്നപ്പോള്‍ മറ്റുള്ളവര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 42.4 ഓവറില്‍ 154 റണ്‍സിന് അവര്‍ ഓള്‍ഔട്ടായി. 21 റണ്‍സ് വീതം നേടിയ ലിറ്റന്‍ ദാസും മുഷ്ഫിഖുര്‍ റഹിമും മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്‌സ്മാന്മാര്‍.
27 റണ്‍സ് വീതം വിട്ടുകൊടുത്ത് അഞ്ച് വിറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമും നാലു വിക്കറ്റ് പിഴുത മാറ്റ് ഹെന്റിയുമാണ് കിവീസിന്റെ വിജയം അനായാസമാക്കിയത്.
ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് എട്ട് വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനുമായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയം. മാര്‍ച്ച് ഇരുപത്തിയെട്ട് മുതലാണ് ടി20 പരമ്പര.