ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടോം ലാഥം (104 പന്തില്‍ പുറത്താവാതെ 145), കെയ്ന്‍ വില്യംസണ്‍ (98 പന്തില്‍ 94) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഇരുപതാം ഓവറില്‍ 88 റണ്‍സില്‍ മൂന്നാ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ന്യൂസിലന്‍ഡിന് ജത്തിലേക്ക് 180 പന്തില്‍ 228 റണ്‍സ് വേണമായിരുന്നു. ഫിന്‍ അലനെ(22) വീഴ്ത്തിയ ഷര്‍ദ്ദുല്‍ താക്കൂറും അരങ്ങേറ്റത്തില്‍ ഡെവോണ്‍ കോണ്‍വെയുടെയും(24), ഡാരില്‍ മിച്ചലിന്‍റെയും(11) ഇരട്ടവിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ മാലിക്കും ചേര്‍ന്നാണ് ഇന്ത്യക്ക് തുടക്കത്തില്‍ വിജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വില്യംസണ്‍-ലാഥം സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഫലപ്രദമായി നേരിട്ടു. 54 പന്തില്‍ വില്യംസണ്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ടോം ലാഥം 51 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അവസാന 11 ഓവറില്‍ 93 റണ്‍സ് വേണ്ടിയിരുന്ന കിവീസിനായി ലാഥം ഷര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ 40-ാം ഓവറില്‍ 25 റണ്‍സടിച്ച് സെഞ്ചുറിക്ക് അരികിലെത്തി. 70 പന്തില്‍ 77 റണ്‍സായിരുന്ന ലാഥം 76 പന്തില്‍ സെഞ്ചുറിയിലെത്തി. ആദ്യ അഞ്ചോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ഷര്‍ദ്ദുല്‍ പിന്നീട് നാലോവറില്‍ 40 റണ്‍സ് വഴങ്ങി.
സെഞ്ചുറിക്ക് ശേഷവും തകര്‍ത്തടിച്ച ലാഥം വ്യക്തിഗത സ്കോര്‍ 124 റണ്‍സിലെത്തിയതോടെ ഏകദിനങ്ങളില്‍ ഇന്ത്യക്കെതിരെ കിവീസ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറിലെത്തി. മറുവശത്ത് ലാഥമിന് പറ്റിയ തുണക്കാരനായി കൂടെ നിന്ന കെയ്ന്‍ വില്യംസണും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 173 പന്തില്‍ 221 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി.
സഞ്ജു സാംസണുണ്ടായിട്ടും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കാനായി അഞ്ച് ബൗളര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ തന്ത്രം തിരിച്ചടിച്ചു. ബാറ്റിംഗില്‍ റിഷഭ് പന്ത് ഫോമിലായില്ല. 10 ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത വാഷിംഗ്‌ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട ബൗളിംഗ് നടത്തിയത്. അരങ്ങേറ്റ മത്സരം കളിച്ച അര്‍ഷ്ദീപ് സിംഗ് ഓവറില്‍ റണ്‍സ് വഴങ്ങിയപ്പോള്‍ ഷര്‍ദ്ദുല്‍ 9 ഓവറില്‍ 63 റണ്‍സിന് ഒരു വിക്കറ്റും ഉമ്രാന്‍ മാലിക്ക് 10 ഓവറില്‍ 66 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു യുസ്‌വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചത്. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.
ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായിരുന്നു ടോം ലാഥം- വില്യംസണ്‍ സഖ്യത്തിന്റേത്. 2017ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200 റണ്‍സാണ് ഇരുവരും മറികടന്നത്. 2010 സ്‌കോട്ട് സ്‌റ്റൈറിസ് ധാംബുല്ലയില്‍ നേടിയ 190 റണ്‍സ് മൂന്നാം സ്ഥാനത്തായി. 1994ല്‍ ആഡം പറോറെ- കെന്‍ റുതര്‍ഫോര്‍ഡ് സഖ്യം നേടിയ 181 റണ്‍സും പട്ടികയിലുണ്ട്. മൂന്നാം തവണയാണ് ലാഥം 200 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. ടെയ്‌ലര്‍, വില്യംസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവര്‍ക്കൊപ്പമായിരുന്നത്.
ന്യൂസിലന്‍ഡ് നാട്ടില്‍ തുടര്‍ച്ചയായി നേടുന്ന 13-ാം ഏകദിന വിജയമാണിത്. ആദ്യമായിട്ടാണ് കിവീസ് നാട്ടില്‍ തുടര്‍ച്ചയായി ഇത്രയും വിജയങ്ങള്‍ സ്വന്താക്കുന്നത്. നേരത്തെ, 2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി 12 വിജയങ്ങള്‍ നേടിയിരുന്നു. രണ്ടാം തവണ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ 300ല്‍ കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത്. 2020ല്‍ ഹാമില്‍ട്ടണില്‍ 348 റണ്‍സും കിവീസ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു.
നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ത്തിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. മൂന്നാം മത്സരം ടൈ ആവുകയായിരുന്നു.