ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് ആറ് റണ്‍സിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് റോസ് ടെയ്‌ലറുടെ സെഞ്ചുറിക്കരുത്തില്‍ നാല് വിക്കറ്റിന് 289 റണ്‍സ് നേടി. 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 283 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് അവസാനിച്ചു.
കരിയറിലെ 17-ാം ഏകദിന സെഞ്ചുറി കുറിച്ച ടെയ്‌ലര്‍ 102 റണ്‍സോടെ പുറത്താകാതെ നിന്നു. 110 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ഏകദിനത്തില്‍ കിവീസിനായി ഏറ്റവും അധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ് ടെയ്‌ലര്‍ സ്വന്തമാക്കി. നഥാന്‍ ആസ്റ്റിലിന്റെ 16 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ പഴങ്കഥയാക്കിയത്. ഏകദിനത്തില്‍ 6,000 റണ്‍സ് ക്ലബില്‍ എത്താനും ടെയ്‌ലര്‍ക്ക് കഴിഞ്ഞു.
ജയിംസ് നീഷം (പുറത്താകാതെ 71), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (69) എന്നിവര്‍ ടെയ്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. 57 പന്തിലാണ് നീഷം 71 റണ്‍സ് സ്‌കോര്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡെയ്ന്‍ പ്രിട്ടോറിയസ് രണ്ടു വിക്കറ്റ് വീഴ്ത്തി.
290 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. ക്വിന്റണ്‍ ഡി കോക് (57), ഡെയ്ന്‍ പ്രിട്ടോറിയസ് (50) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊരുതി. എ.ബി.ഡിവില്ലിയേഴ്‌സ് 45 റണ്‍സ് നേടി പുറത്തായി.
27 പന്തില്‍ നാല് ഫോറും രണ്ടു സിക്‌സും പറത്തി 50 റണ്‍സ് നേടിയ പ്രിട്ടോറിയസ് അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കാന്‍ കഴിഞ്ഞില്ല. കിവീസിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.