ഹാമില്‍ട്ടണ്‍: ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് 32 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു വില്യംസന്റെ നേട്ടം. 172-ാം ഇന്നിങ്സില്‍ നിന്നായിരുന്നു താരം 32-ാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. 174 ഇന്നിങ്സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ റെക്കോഡാണ് വില്യം സണ്‍ മറികടന്നത്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള വില്യംസണ്‍ തന്റെ കഴിഞ്ഞ ഏഴ് ടെസ്റ്റില്‍ നിന്ന് ഏഴു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും താരം സെഞ്ചുറി നേടിയിരുന്നു. ഇതോടൊപ്പം ടെസ്റ്റിന്റെ നാലാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന മുന്‍ പാകിസ്താന്‍ താരം യൂനിസ് ഖാന്റെ റെക്കോഡിനൊപ്പമെത്താനും വില്യംസണായി. ഇരുവര്‍ക്കും നാലാം ഇന്നിങ്സില്‍ അഞ്ച് സെഞ്ചുറികള്‍ വീതമുണ്ട്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ്, വില്യംസന്റെ സെഞ്ചുറി മികവില്‍ ഏഴു വിക്കറ്റിന്റെ ജയവും സ്വന്തമാക്കി. 203 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച താരം 260 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്സുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു.