ന്യൂസിലന്റിലെ ആറുവര്‍ഷത്തെ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പിലാണ് രാജ്യം മധ്യ വലതുപക്ഷത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഭൂരിഭാഗം വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ക്രിസ്റ്റഫര്‍ ലുക്സന്റെ നാഷണല്‍ പാര്‍ട്ടിക്ക് 40 ശതമാനം വോട്ടുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ന്യൂസിലന്‍ഡില്‍ കഴിഞ്ഞ രണ്ടുതവണയും ജസിന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്വുള്ള ലേബര്‍ പാര്‍ട്ടിയെ ജനങ്ങള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ജീവിതച്ചെലവ് വര്‍ധിച്ചതും കോവിഡ് മഹാമാരിക്കാലത്തെ കര്‍ശന നിയന്ത്രണങ്ങളും ലേബര്‍ പാര്‍ട്ടിക്ക് ഇത്തവണ തിരിച്ചടിയായി. ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ക്രിസ് ഹിപ്കിന്‍സ് ശനിയാഴ്ച തോല്‍വി അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു.
ന്യൂസിലന്റിന്റെ ചരിത്രത്തില്‍ ഒറ്റയ്‌ക്കൊരു പാര്‍ട്ടി സര്‍ക്കാറുണ്ടാക്കുക എന്നത് അത്ര സാധാരണമല്ല. എന്നാല്‍ 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി മൂന്ന് ദശാബ്ദത്തിനിടെയിലെ ഏറ്റവും വലിയ വിജയം നേടിയായിരുന്നു അധികാരത്തിലേറിയത്. ജീവിതച്ചെലവുകളും തീവ്രവാദ ആക്രമണങ്ങളും കൂടാതെ ജനുവരിയിലെ ജസീന്ത ആര്‍ഡന്റെ അപ്രതീക്ഷിത രാജിയും ജനങ്ങളുടെ മനസിനെ ലേബര്‍ പാര്‍ട്ടിക്ക് എതിരാക്കി. കൂടാതെ ആര്‍ഡന്റെ പകരക്കാരനായി എത്തിയ ഹിപ്കിന്‍സിന് ജനപ്രീതി നിലനിര്‍ത്താനും സാധിച്ചിരുന്നില്ല.
95 ശതമാനത്തിലധികം വോട്ടുകളും നിലവില്‍ എണ്ണിക്കഴിഞ്ഞിട്ടുണ്ട്. നാഷണല്‍ പാര്‍ട്ടിക്ക് 50 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. അവരുടെ പരമ്പരാഗത സഖ്യകക്ഷിയായ ആക്ട് പാര്‍ട്ടിക്ക് 11 സീറ്റ് കൂടി ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടാനാകുമെന്നാണ് നാഷണല്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.ലുക്സന്റെ നാഷണല്‍ പാര്‍ട്ടിക്ക് ഇനവികാരം അനുകൂലമെങ്കിലും ആക്ട് പാര്‍ട്ടിയുടെ പിന്തുണയ്ക്ക് പുറമെ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെയും പിന്തുണ ഉറപാക്കേണ്ടിവരും. അഭിപ്രായ സര്‍വേകളുടെ പ്രവചന പ്രകാരം, വിന്‍സ്റ്റണ്‍ പീറ്റേഴ്സിന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടി കിങ് മേക്കര്‍ ആയേയ്ക്കും.