ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബോർഡർ – ഗവാസ്‌കർ ട്രോഫിയിലെ അവസാന മത്സരം പുരോഗമിക്കെ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിൽ ന്യുസീലൻഡ് മികച്ച വിജയം നേടിയതോടെയാണ് സാഹചര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായത്. നായകൻ കെയിൻ വില്യംസിന്റെയും ഡാരിൽ മിച്ചലിന്റെയും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയ്ക്ക് എതിരായ മിന്നും വിജയത്തിന് ന്യുസീലൻഡിനെ സഹായിച്ചത്. രണ്ട് വിക്കറ്റുകൾക്കായിരുന്നു ന്യുസീലൻഡ് വിജയം. ഇതോടെ ഓസ്‌ട്രേലിയയോടുള്ള അവസാന മത്സരത്തിലെ ഫലം ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടതില്ല.
അവസാന ബോൾ വരെ ആവേശം നിലനിർത്തിയ ശേഷമായിരുന്നു ന്യുസീലൻഡിന്റെ ജയം. മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ മഴ കൂടി വില്ലനായതോടെ 53 ഓവറുകൾ മാത്രമായിരുന്നു കളിയുണ്ടായത്. ഏകദിന മത്സരത്തിന്റെ പ്രതീതി നിലനിർത്തിയായിരുന്നു അവസാന ദിനം നായകൻ വില്യംസനും(121*) ഡാരിൽ മിച്ചലും (81) ശ്രീലങ്കയെ പ്രതിരോധിച്ചത്. വിക്കറ്റുകൾ വീഴ്ത്തി കളിപിടിക്കാൻ ശ്രീലങ്കയും കിണഞ്ഞു പരിശ്രമിച്ചു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ 355 റൺസാണ് ശ്രീലങ്ക നേടിയത്. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ന്യുസീലൻഡ് ഡാരിൽ മിച്ച (102)ലിന്റെ മികവിൽ ഒന്നാം ഇന്നിങ്ങ്‌സിൽ 18 റൺസിന്റെ ലീഡ് സ്വന്തമാക്കി. കരുതലോടെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ശ്രീലങ്ക എഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുൾപ്പെടെ 302 റൺസ് സ്വന്തമാക്കി. ഇതോടെ ന്യുസീലൻഡിന്റെ വിജയലക്ഷ്യം 285 റൺസായി മാറുകയായിരുന്നു.
അതേസമയം, ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണ്. അഞ്ചാം ദിനം ഇന്ത്യയ്ക്ക് എതിരെ ഓസ്‌ട്രേലിയ 14 ഏഴ് റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സിൽ ഓസ്ട്രേലിയ ഉയർത്തിയ 480 റൺസ് എന്ന വലിയ കടമ്പ ഇന്ത്യ അനായാസം മറികടന്നിരുന്നു.179.5 ഓവറിൽ 571 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ നേടിയത്.
കോഹ്ലിയുടെയും അക്സർ പട്ടേലിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ഓസ്ട്രേലിയ ഉയർത്തിയ 480 എന്ന സ്‌കോറിനെ മറികടക്കാൻ സഹായിച്ചത്. 241-ാം പന്തിൽ തന്റെ 28ാമത്തെ ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി മൂന്ന് വർഷത്തെ കാത്തിരിപ്പിന് കൂടിയാണ് വിരാമമിട്ടത്.