വൈക്കത്ത് ഇതര സംസ്ഥാന ദമ്പതികള്‍ കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ്. നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ച സംശയത്തെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

തലയാഴം ആലത്തൂര്‍പടിയില്‍ സുരേഷ് ബാബു എന്നയാളുടെ വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരിയാണ് മാസം തികയാതെ പ്രസവിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് നജിമുള്‍ ഷേക്ക് തന്നെ കുഞ്ഞിന്റെ മൃതദേഹം വീട്ടുപരിസരത്ത് കുഴിച്ചിടുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നു എന്നും വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ കയറിയപ്പോള്‍ കുഞ്ഞ് മരിച്ച നിലയില്‍ പുറത്തു വരികയായിരുന്നു എന്നുമുളള ഐഷയുടെ മൊഴിയില്‍ സംശയിക്കത്തക്കതായി ഒന്നും ഇല്ലെന്നാണ് പൊലീസ് നിഗമനം.

നവജാത ശിശുവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നു എന്ന തരത്തില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പൊലീസ് പുറത്തെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഫൊറന്‍സിക് പരിശോധനയില്‍ അസ്വാഭാവികതകള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ കേസോ തുടര്‍ നടപടികളോ ഉണ്ടാകൂ എന്നും പൊലീസ് അറിയിച്ചു

Top