ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനനിരക്ക് 37 ശതമാനമാക്കി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവ് പ്രഖ്യാപിച്ചത്.
2016 ആഗസ്തില്‍ 50 ശതമാനം വേതനം വര്‍ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശുപാര്‍ശ നല്‍കിയത്. എന്നാല്‍ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജെങ് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചു.
എന്നാല്‍ ഇപ്പോള്‍ 37 ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അംഗീകരിച്ചതോടെ നിലവില്‍ 9724 രൂപ മാസശമ്പളമായി ലഭിക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ 13,350 രൂപയായിരിക്കും ശമ്പളം.
മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. 15 വര്‍ഷമായി ബി.ജെ.പിയാണ് തലസ്ഥാനത്തെ ഈ മൂന്നു കോര്‍പറേഷനുകളും ഭരിക്കുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങളെ കൈയിലെടുക്കാനുള്ള മൂന്നാമത്തെ പ്രഖ്യാപനമായിരുന്നു ഇത്.
താത്കാലിക അധ്യാപകരുടെ ശമ്പളം 70 മുതല്‍ 80 ശതമാനം വരെ വര്‍ധിപ്പിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞയിടെ പ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് കൂടുതലാണെങ്കില്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.