തിരുവനന്തപുരം : പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുന്നതായി പരാതി. മിശ്രവിവാഹിതരായ നവദമ്പതികളാണ് ജീവന് സംരക്ഷണം വേണമെന്ന് ആവശ്യവുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും ഭാര്യ ഷഹാനയുമാണ് എസ്.ഡി.പി.ഐ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് പിന്നാലെ ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതിയും നല്‍കി.
‘ഞാന്‍ ഏതു നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും ഷഹാനയുടെ വീട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു നാളെ കെവിനെ പോലെ ഞാനും പത്രക്കട്ടിങ്ങുകളില്‍ ഒതുങ്ങും’ എന്ന വിവരണത്തോടെയാണ് ഹാരിസണിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഹാരിസണെ കാണാനില്ല എന്ന പരാതിയുമായി ഹാരിസണിന്റെ അച്ഛന്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ ഷഹാനയെ കാണാനില്ല എന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹാരിസണിന്റെ അച്ഛന്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
ഏറെ നാളായി പ്രണയത്തിലായിരുന്ന ഹാരിസും ഷഹാനയും രണ്ടുദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഷഹാനയുമൊത്തുള്ള വിവാഹചിത്രവും ഹാരിസണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനുശേഷമാണ് നവദമ്പതികള്‍ക്ക് നേരേ വധഭീഷണിയുണ്ടായത് എന്നാണ് ആരോപണം. ഫോണ്‍കോളുകള്‍ വഴിയാണ് പ്രധാനമായും ഭീഷണികള്‍ ലഭിക്കുന്നതെന്ന് ഹാരിസണ്‍ ലൈവില്‍ പറയുന്നു.