ഒടുവില്‍ ഫ്‌ളവേഴ്‌സിനും വാര്‍ത്താ ചാനല്‍ സ്വപ്നം ശാശ്വതമാകുന്നു

Flowers

കൊച്ചി: കേരളത്തിലെ ദൃശ്യമാദ്ധ്യമരംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഫ്‌ളവേഴ്‌സ് ഗ്രൂപ്പില്‍ നിന്നുള്ള വാര്‍ത്താ ചാനല്‍, ‘ട്വന്റിഫോര്‍’ ഓഗസ്റ്റ് നാലിന് സംപ്രേഷണം ആരംഭിക്കും. ഇന്ത്യന്‍ മാധ്യമരംഗത്ത് കാഴ്ചയുടെ വസന്തം തീര്‍ത്ത് മുന്‍നിര ചാനലായി മാറിയ ഫ്‌ളവേഴ്‌സിന്റെ ചുവടുപിടിച്ച് തന്നെയാകും ‘ട്വന്റിഫോര്‍’ ന്യൂസ് ചാനലിന്റെ പ്രവര്‍ത്തനവുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. അതിനൂതനമായ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ ലോകനിലവാരമുള്ള വാര്‍ത്താ ചാനലാവും ‘ട്വന്റിഫോര്‍’.

മലയാള ടെലിവിഷന്‍ രംഗത്ത് കാഴ്ചയുടെ പുതിയ വസന്തം സമ്മാനിച്ച ഫ്‌ളവേഴ്‌സ് ടിവി പോലെ നിരവധി പുതുമകളുമായിട്ടാണ് ‘ട്വന്റിഫോര്‍’ പിറവി എടുക്കുന്നത്. യാതൊരുവിധമായ ജാതി-മത രാഷ്ട്രീയ താത്പര്യങ്ങളുമില്ലാതെ ജനപക്ഷത്ത് നിന്ന് സംസാരിക്കുന്ന നിഷ്പക്ഷ വാര്‍ത്താ ചാനലാകും ‘ട്വന്റിഫോര്‍’ എന്നും ശ്രീകണ്ഠന്‍നായര്‍ അറിയിച്ചു.

ഇതിനുവേണ്ടി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഡല്‍ഹിയിലും വിദേശരാജ്യങ്ങളിലുമായി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോഗവത്കരിക്കുന്ന രണ്ട് സ്റ്റുഡിയോകള്‍ വാര്‍ത്താചാനലിനായി ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top