ന്യൂസ് ക്ലിക്ക്; ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍

ഡല്‍ഹി: ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ഡല്‍ഹി പൊലീസ്. കേസില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങള്‍ അമേരിക്കന്‍ വ്യവസായി നിവില്‍ റോയി സിംഘമിന്റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളില്‍നിന്ന് 2018 മുതല്‍ ഫണ്ടുകള്‍ കൈപ്പറ്റിയെന്നും പറയുന്നു.

ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കില്‍ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ചൈനയില്‍നിന്ന് വന്‍തോതില്‍ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോദിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസിന്റെ ആരോപണം.

ഗൗതം നവ് ലാഖ ഉള്‍പ്പെട്ടിരിക്കുന്ന കേസുകളില്‍ ഈ പണം വന്‍തോതില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്‌സലുകള്‍ക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരമായി മോശമായി ചിത്രീകരിച്ചുവെന്നും ആരോപണവും എഫ്.ഐ.ആറിലുണ്ട്.

അതേസമയം, ന്യൂസ് ക്ലിക്കിനെതിരായ നടപടിക്കെതിരെ 16 മാധ്യമ സംഘടനകള്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുഎപിഎ ചുമത്തിയതിനെ ചോദ്യം ചെയ്താണ് കത്ത് അയച്ചത്. ചീഫ് ജസ്റ്റിസിനു മുമ്പാകെ വിഷയം പരാമര്‍ശിക്കാനും മാധ്യമസംഘടനകള്‍ ആലോചിക്കുന്നുണ്ട്. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് വാര്‍ത്താക്കകുറിപ്പിലൂടെ അറിയിച്ചത്.

തങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പുലര്‍ത്തുന്നുണ്ടെന്നും എല്ലാ ഫണ്ടുകളും ബാങ്കിലുടെ മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ ന്യൂസ് ക്ലിക്ക് പറയുന്നു. നിയമത്തിലും കോടതിയിലും പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങളുടെ ജീവിതത്തിനും വേണ്ടി ഇന്ത്യന്‍ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.

Top