ഡല്‍ഹി: ന്യൂസ് ക്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയുടെയും എച്ച്.ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 22 വരെ നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് പ്രബീറിനെയും അമിത്തിനെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഒക്ടോബര്‍ 10 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇരുവരും. നേരത്തെ, കേസ് നടപടികളുടെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിനാല്‍ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്നുമുള്ള പ്രോഷിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡി അനുവദിച്ചത്. എന്നാല്‍, പ്രോഷിക്യൂഷന്‍ ആവശ്യം പ്രബീര്‍ പുരകായസ്തയുടെ അഭിഭാഷകന്‍ എതിര്‍ത്തു.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ ചുമത്തി പ്രബീര്‍ പുരകായസ്തയെയും അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയായിരുന്നു നടപടി.