മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ മാര്‍വല്‍സ്’ ഹോളിവുഡ് ബോക്‌സ് ഓഫീസിനെ നിരാശയിലാഴ്ത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ‘മിസ് മാര്‍വലി’ന്റെ തുടര്‍ച്ചയായെത്തിയ ചിത്രം നാല് ദിവസം കൊണ്ട് നോര്‍ത്ത് അമേരിക്കയില്‍ നിന്ന് മാത്രം 46.11 മില്ല്യണ്‍ യുഎസ് ഡോളറാണ് നേടിയത്. ആഗോള തലത്തില്‍ ചിത്രം 102.2 മില്ല്യണ്‍ യുഎസ് ഡോളറും നേടിയതായി ബോക്‌സ് ഓഫീസ് മോജോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, നിര്‍മ്മാണ ചെലവിന്റെ പകുതി പോലും എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല, 274.80 മില്ല്യണ്‍ ഡോളറാണ് ദ മാര്‍വല്‍സിന്റെ ബജറ്റ്.
മാര്‍വലിന്റെ വനിത സൂപ്പര്‍ ഹീറോകളുടെ ഒന്നിക്കലാണ് ചിത്രം പറയുന്നത്. ക്യാപ്റ്റന്‍ മാര്‍വല്‍,മോണിക്ക റാംബോ, മിസ് മാര്‍വലായ കമലാ ഖാന്‍, നിക് ഫ്യൂരി എന്നീ എംസിയു കഥാപാത്രങ്ങളും മാര്‍വല്‍സിന്റെ ഭാഗമാകുന്നുണ്ട്. 2023 നവംബര്‍ 10നാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ‘ദ മാര്‍വല്‍സ്’ തിയേറ്ററുകളിലെത്തിയിരുന്നു.
ചിത്രം പുറത്തിറങ്ങി അധികം ദിവസമാകാത്തതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ ലാഭം നേടാനായില്ലെങ്കിലും മുടക്ക് മുതല്‍ ലഭിക്കുമെന്ന നിരീക്ഷണവുമുണ്ട്. ചിത്രത്തിന് ലാഭമുണ്ടാകണമെങ്കില്‍ ആഗോളതലത്തില്‍ 440 മില്ല്യണ്‍ യുഎസ് ഡോളര്‍ എങ്കിലും കളക്ഷന്‍ നേടണം. വമ്പന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന എംസിയുവിന്റെ 33ാമത്തെ ചലച്ചിത്രമാണ് ദ മാര്‍വല്‍സ്.