വിവാഹിതനായെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ഗോവിന്ദ് പത്മസൂര്യ.നടന്‍ ഗോവിന്ദ് പദ്മസൂര്യയുടേയും നടി ദിവ്യ പിള്ളയുടേയും ‘വിവാഹ വാര്‍ത്ത’യാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്. സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോ ഷൂട്ടിനിടെ എടുത്ത ചിത്രമാണിതെന്നും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നടന്‍ പറഞ്ഞു.വരണമാല്യം ചാര്‍ത്തി ദിവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വിവാഹച്ചിത്രമെന്ന പേരില്‍ പ്രചരിച്ചത്.
‘സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള ഷൂട്ട്. അതിനിടയില്‍ എപ്പോഴോ എടുത്ത ചിത്രം. ആ ചിത്രം മുന്‍നിര്‍ത്തിയാണ് എന്റെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. വര്‍ഷത്തില്‍ എന്നോ പല തവണ ‘കല്യാണം കഴിപ്പിക്കുന്ന’ സോഷ്യല്‍ മീഡിയയോട് ഞാന്‍ വീണ്ടും പറയട്ടെ. ഞാനിപ്പോഴും ക്രോണിക് ബാച്ചിലറാണ്.’ പ്രചാരണങ്ങളെ തിരുത്തി ജിപി പറഞ്ഞു.
‘എന്റെ പ്രിയപ്പെട്ട പല സുഹൃത്തുക്കളുമായി ചേര്‍ത്ത് എന്റെ പ്രണയകഥ പലതവണ പ്രചരിച്ചിട്ടുണ്ട്. അതേ സുഹൃത്തുക്കളെ തന്നെ ജിപി ഇതാ കല്യാണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞവരുമുണ്ട്. എന്തായാലും അങ്ങനെയൊരു നല്ല കാര്യം ഇപ്പോഴൊന്നും സംഭവിക്കാന്‍ ഇടയില്ല. എന്റെ വിവാഹം ആയാല്‍ ഗോസിപ്പുകാര്‍ക്ക് കൊത്താന്‍ കൊടുക്കാതെ ഞാന്‍ തന്നെ നേരിട്ട് അറിയിക്കുന്നതാണ്.’-ജിപി വ്യക്തമാക്കി.
വ്യക്തി ജീവിതത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. ഇരുവരും അവതാരകരായ ജീവയ്ക്കും അപര്‍ണയ്ക്കുമൊപ്പം നടത്തിയ യാത്രകളുടെ വിഡിയോസ് പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്.