ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത വ്യാജം

ന്യൂഡല്‍ഹി: ഹരിയാനയിലെ സുശീല്‍ കുമാര്‍ റെസ്ലിംഗ് അക്കാദമിയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചായിരുന്നു പ്രതികരണം. താന്‍ സുരക്ഷിതയാണെന്നും സീനിയര്‍ നാഷണല്‍സില്‍ മത്സരിക്കാന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്‍ഡയിലെത്തിയിരിക്കുകയാണെന്നും നിഷ വീഡിയോയില്‍ പറയുന്നു. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.

നേരത്തെ നിഷ ദഹിയയും സഹോദരന്‍ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാല്‍പുരിലുള്ള സുശീല്‍ കുമാര്‍ റെസ്ലിങ് അക്കാദമിയില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദേശീയ മാധ്യമങ്ങളായ എന്‍ഡിടിവിയും ഇന്ത്യ ടുഡേയും ഉള്‍പ്പടെ റിപ്പോര്‍ട്ട് പങ്കുവെച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ താരത്തിന്റെ അമ്മ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. താരം തന്നെ വാര്‍ത്ത നിഷേധിച്ച പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ തിരുത്തി.

Top