മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) വാര്‍ത്തകളുടെ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നു. ഇനി മുതല്‍ എക്‌സില്‍ ന്യൂസ് ലിങ്കുകള്‍ പങ്കുവെക്കുമ്പോള്‍ അവയടെ തലക്കെട്ടുകള്‍ കാണാന്‍ കഴിയില്ല. പകരം, വാര്‍ത്തയില്‍ നല്‍കിയ ഒരു ചിത്രമാകും പ്രദര്‍ശിപ്പിക്കുക. ഈ മാറ്റം പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുമെന്ന് എക്‌സ് ചെയര്‍മാന്‍ ഇലോണ്‍ മസ്‌ക് പറയുന്നു.
ഒറ്റ നോട്ടത്തില്‍ എക്‌സില്‍ ഒരു ചിത്രം പങ്കുവെച്ചത് പോലെയാകും വാര്‍ത്തകള്‍ ദൃശ്യമാവുക. പൊതുവെ വാര്‍ത്തകളുടെ ലിങ്കുകള്‍ പങ്കുവെക്കുമ്പോള്‍ ഒരു ചിത്രവും തലക്കെട്ടുമാണ് യൂസര്‍മാര്‍ക്ക് ദൃശ്യമാവാറുള്ളത്. ഇനി മുതല്‍ ഉള്ളടക്കത്തിലുള്ള ഒരു ചിത്രവും ഒപ്പം ചിത്രത്തിന് ഇടത് ഭാഗത്ത് താഴെയായി ആ വെബ്സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിക്കും. ഉപഭോക്താവ് പങ്കുവെക്കുന്ന കുറിപ്പായിരിക്കും പോസ്റ്റിന്റെ കാപ്ഷനായി കാണാന്‍ സാധിക്കുക. ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍, വാര്‍ത്തയിലേക്ക് പോകാനും സാധിക്കും.
സാധാരണ പോസ്റ്റുകളും വാര്‍ത്തകളും തിരിച്ചറിയാന്‍ അല്‍പ്പമൊന്ന് ബുദ്ധിമുട്ടേണ്ടി വന്നേക്കും. എന്തായാലും പുതിയ മാറ്റം എക്‌സിലൂടെ വാര്‍ത്തകള്‍ പങ്കിടുന്ന മാധ്യമങ്ങളെ ചൊടിപ്പിക്കാനാണ് സാധ്യത. ഏറെ കാലമായി പരമ്പരാഗത മാധ്യമങ്ങളുമായി ഇലോണ്‍ മസ്‌ക് അത്ര രസത്തിലല്ല. ‘ട്വിറ്ററാണ് മികച്ച വിവര സ്രോതസ്സെന്ന്’ അദ്ദേഹം പലപ്പോഴായി അവകാശപ്പെട്ടിട്ടുണ്ട്. ‘ദ ന്യൂയോര്‍ക് ടൈംസ്’ പോലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ എക്‌സില്‍ നിന്ന് വിലക്കിയതിനുമൊക്കെ പഴികേട്ട ചരിത്രവും എക്‌സിനുണ്ട്.
”താന്‍ ഇനി ഒരിക്കലും പരമ്പരാഗത മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കില്ല,” എന്ന് മസ്‌ക് കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘എക്സില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഒരു കാര്യത്തെക്കുറിച്ച് 1,000 വാക്കുകളുള്ള വാര്‍ത്ത വായിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്?’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിദ്വേഷ പോസ്റ്റുകളുടെ വര്‍ധനയും മസ്‌കിന്റെ പെരുമാറ്റവും കാരണം ചില മാധ്യമ ഗ്രൂപ്പുകള്‍ എക്‌സില്‍ പോസ്റ്റുചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്. എഎഫ്പിയും മറ്റ് ഫ്രഞ്ച് വാര്‍ത്താ ഔട്ട്ലെറ്റുകളും പകര്‍പ്പവകാശ ലംഘനങ്ങള്‍ ആരോപിച്ച് എക്‌സിനെതിരെ നിയമപരമായി രംഗത്തുവന്നിരുന്നു.