ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിക്ക് മുന്നോടിയായി റിക്കി പോണ്ടിങ് വിരാട് കോഹ്ലിയെക്കുറിച്ച് നടത്തിയ പരാമര്‍ശം തന്നെ അമ്പരപ്പിച്ചെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന് ലീ. ഇത്തരം പരാമര്‍ശങ്ങള്‍ കോഹ്ലിയെപ്പോലെ ഒരാളെ ഓസ്ട്രേലിയക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഈയിടെയായി കോഹ്ലിക്ക് അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് 2024-ല്‍ എടുത്തുപറയാവുന്ന ഒരു പ്രകടനംപോലും നടത്താന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ആറ് ടെസ്റ്റുകളിലായി 22.72 ആണ് ശരാശരി. അവസാനം കളിച്ച 60 ടെസ്റ്റ് ഇന്നിങ്സുകളില്‍ രണ്ട് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറിയും മാത്രമാണുള്ളത്.
Also Read: അവസാന മത്സരത്തിൽ ഇന്ത്യക്കെതിരെ ഏറ്റുമുട്ടാൻ മലേഷ്യ
ഇത് മുന്‍നിര്‍ത്തിയായിരുന്നു പോണ്ടിങ്ങിന്റെ പരാമര്‍ശം. ‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോഹ്ലി രണ്ട് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ് നേടിയതെന്ന ഒരു കണക്ക് കഴിഞ്ഞ ദിവസം കണ്ടു. അത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ, അത് കൃത്യമാണെങ്കില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്.
അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രം നേടിയ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേറെയാരും ഉണ്ടാവില്ല’ -പോണ്ടിങ് പറഞ്ഞു. ഇതിന് മറുപടിയായാണ് ലീ, പോണ്ടിങ്ങിനെതിരേ തിരിഞ്ഞത്. ‘അതൊരു പരിതാപകരമായ നീക്കമായിപ്പോയി റിക്കീ, നിങ്ങളെന്താണ് കാണിക്കുന്നത്? അവനെ നിങ്ങൾ പ്രകോപിപ്പിക്കുകയാണോ? അദ്ദേഹം ഒരു ലോകോത്തര താരമാണ്. അവനവിടെ തീ പടർത്തും’ -ഷെയ്ന് ലീ പറഞ്ഞു.